വയനാട് ജില്ലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറച്ചു. ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ഡിപ്പോകളിലായി 90ല്‍ അധികം ജീവനക്കാരുടെ കുറവുണ്ടെന്നാണ് വിവരം. ഇതോടെ നിരവധി സര്‍വീസുകള്‍ മുടങ്ങുകയും ഗ്രാമീണ മേഖലകളിലെ യാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ടിലാകുകയും ചെയ്തു.
മാനന്തവാടി ഡിപ്പോയില്‍ പ്രതിദിനം 78 സര്‍വീസുകളും, ബത്തേരിയില്‍ 84 സര്‍വീസുകളും, കല്‍പ്പറ്റയില്‍ 45 സര്‍വീസുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ക്ഷാമം കാരണം സര്‍വീസുകള്‍ പൂര്‍ണമായും നടത്താന്‍ കഴിയുന്നില്ല. മാനന്തവാടിയില്‍ മാത്രം സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ 190 ജീവനക്കാര്‍ ആവശ്യമുള്ളപ്പോള്‍ നിലവില്‍ 182 പേരാണ് ഉള്ളത്. ബത്തേരിയില്‍ 50 ജീവനക്കാരുടെയും കല്‍പ്പറ്റയില്‍ 32 ജീവനക്കാരുടെയും കുറവുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
താത്കാലിക ജീവനക്കാരുടെ അവധിയും 2013ന് ശേഷം സ്ഥിരം നിയമനം നടത്താത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കെ.എസ്.ആര്.ടി.സി ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് സര്‍വീസ് മുടക്കം വലിയ തിരിച്ചടിയായിട്ടുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.