കോണ്‍ഗ്രസ് സംഘടനാ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന നേതൃത്വത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. കെപിസിസി പ്രസിഡന്റ് മുതല്‍ ഡിസിസി പ്രസിഡന്റ് തലങ്ങള്‍ വരെയുള്ള പദവികളില്‍ പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള നടപടികള്‍ ജൂണില്‍ ആരംഭിക്കുമെന്നാണ് സൂചന.
പുതിയ കെപിസിസി പ്രസിഡന്റിനെ പ്രത്യേക സംഘടനാ നടപടിക്രമങ്ങളിലൂടെ തെരഞ്ഞെടുക്കും. അതേസമയം, എഐസിസി രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘സംഘതന്‍ സൃജന്‍ അഭിയാന്’ കാമ്പെയ്നിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 14 പുതിയ ഡിസിസി പ്രസിഡന്റുമാരെ കണ്ടെത്തുക.
വിഡി സതീശന് മന്ത്രിസഭയില്‍ അംഗമായതിനെ തുടര്‍ന്നാണ് നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ വേഗത്തിലായത്. മന്ത്രിസഭയിലേക്ക് കടന്ന മറ്റ് കെപിസിസി ഭാരവാഹികളുടെ ഒഴിവുകളും സംഘടനാ പുനഃക്രമീകരണത്തിന് വഴിവെച്ചിട്ടുണ്ട്.
പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിനായി എഐസിസി കേന്ദ്ര നിരീക്ഷകനെ നിയമിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം നിരീക്ഷകന് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായി പരിഗണിക്കപ്പെടുന്നത്. കൂടാതെ ജോസഫ് വാഴയ്ക്കന്, ആന്റോ ആന്റണി എംപി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരും സാധ്യതാപട്ടികയിലുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരെയും എംഎല്‍എമാരെയും പ്രധാന സംഘടനാ ചുമതലകളിലേക്ക് നിയമിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനും എഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും സന്തുലിതാവസ്ഥ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
അതേസമയം, പുതിയ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം കേന്ദ്ര നിരീക്ഷകരെ നിയോഗിക്കാനാണ് എഐസിസിയുടെ തീരുമാനം. പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് അഭിപ്രായം ശേഖരിച്ചായിരിക്കും പുതിയ നേതൃത്വത്തെ കണ്ടെത്തുക.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
സംഘടനയെ അടിത്തട്ടില്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുനഃസംഘടന കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.