കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ പ്രവേശനത്തിനായുള്ള കീം (KEAM) 2026 പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ 79,717 വിദ്യാർഥികളാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്.എൻജിനീയറിങ് വിഭാഗത്തിൽ അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും തൃശൂർ സ്വദേശിനി വിസ്മയ കെ.ആർ. മൂന്നാം റാങ്കും നേടി. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് സ്വന്തമാക്കി. എസ്.സി/എസ്.ടി ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ വിശദമായ റാങ്ക് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു.എൻജിനീയറിങ് വിഭാഗത്തിലെ ആദ്യ പത്ത് റാങ്കുകാരിൽ രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആൽഫ്രഡ് ജെൻസൺ, തലാൽ ഷിഹാബുദ്ദീൻ, കൃഷ്ണ ജെ. മേനോൻ, ജോഷ്വ എസ്. ചുണ്ടാട്ട്, റിതിൻ രാജ് കെ. എന്നിവരും ഉൾപ്പെടുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
ഫാർമസി വിഭാഗത്തിൽ തൃശൂർ സ്വദേശി വിനായകൻ നാരായണൻ ഒന്നാം റാങ്ക് നേടി. ജെസ്സി ജസ്റ്റിൻ രണ്ടാം റാങ്കും മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും സ്വന്തമാക്കി. ഫാർമസി വിഭാഗത്തിൽ ആകെ 26,943 പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്.വിപുലമായ ഒരുക്കങ്ങളോടെയാണ് ഇത്തവണ കീം പരീക്ഷ നടത്തിയതെന്നും പരാതികളില്ലാതെ സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. കേരളത്തിലെ 192 പരീക്ഷാ കേന്ദ്രങ്ങൾക്കു പുറമെ സംസ്ഥാനത്തിന് പുറത്തും വിദേശത്തുമായി പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിൽ മാത്രം 95,016 വിദ്യാർഥികൾ പരീക്ഷയെഴുതി.സി.ബി.എസ്.ഇ. പുനർമൂല്യനിർണയ ഫലം വൈകിയതിനാൽ ചില വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റ് അപ്‌ലോഡ് ചെയ്യാൻ അധികസമയം അനുവദിക്കേണ്ടി വന്നതാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ നേരിയ കാലതാമസമുണ്ടാകാൻ കാരണമായതെന്നും മന്ത്രി വ്യക്തമാക്കി.എൻജിനീയറിങ് വിഭാഗത്തിൽ ആകെ 96,750 പേർ പരീക്ഷയെഴുതിയതിൽ 79,717 പേർ യോഗ്യത നേടിയതായി മന്ത്രി അറിയിച്ചു. ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാൻ തേജിനെയും മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.