സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ആദ്യഘട്ടമായ ഭവന സെൻസസ് ഈ മാസം 30 വരെ തുടരും. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതോടൊപ്പം കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, വീടുകളുടെ സ്ഥിതി, കുടുംബങ്ങളുടെ ആസ്തികൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയാണ് ഈ ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം.ഓൺലൈൻ സെൽഫ് എന്യൂമറേഷൻ നടപടികളുടെ സമയപരിധി ഇന്നലെയോടെ അവസാനിച്ചു. ഇന്ന് മുതൽ എന്യൂമറേറ്റർമാർ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തും. ആകെ 33 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഫോമിലൂടെയാണ് വിവരങ്ങൾ ശേഖരിക്കുക. ഓൺലൈനായി മുൻകൂട്ടി നൽകിയ വിവരങ്ങൾ വീടുകൾ സന്ദർശിക്കുന്നതിനിടെ പരിശോധിച്ച് സ്ഥിരീകരിക്കുകയും ചെയ്യും.സംസ്ഥാനത്തുടനീളം ഫീൽഡ് തല വിവരശേഖരണം കാര്യക്ഷമമായി പൂർത്തിയാക്കാൻ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
വിവരശേഖരണത്തിന്റെ കൃത്യത ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.ദേശീയ സെൻസസിന്റെ ഏറ്റവും നിർണായകമായ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.സെൻസസ് ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് സർക്കാർ ആശ്വാസംസെൻസസ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട അധ്യാപകരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ പ്രത്യേക നിർദേശവും പുറത്തിറക്കി. കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാനായി വീടുകൾ സന്ദർശിച്ചുള്ള സെൻസസ് പ്രവർത്തനങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയും നടത്തിയാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.ജൂലൈ മാസത്തിൽ ലഭിക്കുന്ന എട്ട് അവധി ദിവസങ്ങൾ ഇതിനായി ഉപയോഗിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പകരം ഒക്ടോബർ 31-നകം, പ്രഥമാധ്യാപകന്റെ മുൻകൂർ അനുമതിയോടെ മറ്റ് പ്രവൃത്തിദിനങ്ങളിൽ അവധി എടുക്കാനും അനുമതിയുണ്ട്.സംസ്ഥാനത്തെ ഏകദേശം 60,000 സ്കൂൾ അധ്യാപകരെയാണ് സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ സ്കൂൾ സമയത്തിന് ശേഷം വൈകുന്നേരങ്ങളിൽ സെൻസസ് ജോലികൾ നിർവഹിക്കണമെന്ന നിർദേശം വിവാദമായിരുന്നു. തുടർന്ന് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന ആവശ്യം വിവിധ അധ്യാപക സംഘടനകൾ ശക്തമായി ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം.