വൈദ്യുതി ക്ഷാമം രൂക്ഷം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് പച്ചക്കൊടി

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അനുമതിയുള്ളത്.

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത വര്‍ധിച്ചതും ജലവൈദ്യുത ഉല്‍പാദനം കുറഞ്ഞതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നിലവിലെ സാഹചര്യത്തില്‍ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക പ്രതിഷേധമുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്നു. അതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെടേണ്ട സാഹചര്യമുണ്ടെങ്കില്‍, കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കാലവര്‍ഷം ശക്തമാകുന്നതോടെ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും പീക്ക് ആവശ്യകതയും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച തോതില്‍ മഴ ലഭിക്കാത്തതിനാല്‍ കെഎസ്ഇബിയുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നിരിക്കുകയാണ്. നിലവില്‍ സംഭരണശേഷിയുടെ 20.89 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 58.58 ശതമാനമായിരുന്നു. മഴയുടെ കുറവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയും ചേര്‍ന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *