
കൽപ്പറ്റ: കുട്ടികളുടെ ആധാർ വിവരങ്ങൾ കൃത്യസമയത്ത് പുതുക്കണമെന്ന് സംസ്ഥാന ഐ.ടി മിഷൻ അറിയിച്ചു. അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും ബയോമെട്രിക് വിവരങ്ങൾ പുതുക്കണം. ഇതിനായി സംസ്ഥാനത്തെ ആധാർ കേന്ദ്രങ്ങളിൽ സെപ്റ്റംബർ വരെ സൗജന്യമായി സേവനം ലഭ്യമാക്കും.
ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ച് ആധാർ എടുക്കാം. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വിരലടയാളമോ കണ്ണിന്റെ ബയോമെട്രിക് വിവരങ്ങളോ നൽകേണ്ടതില്ല. ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാർ എൻറോൾമെന്റ് നടത്താം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻ കുട്ടിക്ക് ആധാർ എടുക്കുന്നത് പിന്നീട് വിവിധ സർക്കാർ, വിദ്യാഭ്യാസ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സഹായകരമാകും.
അഞ്ച് വയസ് പൂർത്തിയാകുമ്പോഴും 15 വയസ് പൂർത്തിയാകുമ്പോഴും ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണം. ഇത് കൃത്യസമയത്ത് ചെയ്യാത്തത് ആധാർ ഉപയോഗിച്ചുള്ള ചില സേവനങ്ങളിൽ തടസങ്ങൾ ഉണ്ടാകാൻ ഇടയാക്കും.
സ്കോളർഷിപ്പ്, സ്കൂൾ-കോളേജ് പ്രവേശനം, ഡിജിലോക്കർ, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ മത്സര പരീക്ഷകളുടെ രജിസ്ട്രേഷനും കൃത്യമായ ആധാർ വിവരങ്ങൾ ആവശ്യമായി വരാം.
സർക്കാർ വകുപ്പുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഒ.ടി.പി ആവശ്യമായതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായവർക്ക് ഇ-മെയിൽ വിലാസവും പുതുക്കാം.
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള അംഗീകൃത ആധാർ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
കൂടുതൽ വിവരങ്ങൾക്ക്:
സിറ്റിസൺ കോൾ സെന്റർ: 180042511800 / 0471 2335523
കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ആധാർ സെക്ഷൻ: 0471 2525442
ഇ-മെയിൽ: uidhelpdesk@kerala.gov.in