ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാതയ്ക്ക് ‘ബ്രേക്ക്’; പദ്ധതി അനിശ്ചിതത്വത്തിൽ!

കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാതയുടെ നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിൽ. വയനാട് ഭാഗത്തെ തുരങ്കമുഖമായ മേപ്പാടി മീനാക്ഷിയിൽ കഴിഞ്ഞ ജൂലൈ 7-ന് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. അപകടത്തിൽ എട്ട് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മണ്ണിടിച്ചിലിന്റെ കാരണങ്ങളും പ്രദേശത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി റവന്യു വകുപ്പ് പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും സമിതിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് വൈകുന്നത് തുരങ്കപാതയുടെ തുടർനിർമ്മാണം സംബന്ധിച്ച അനിശ്ചിതത്വം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ഇതിനിടെ, തുരങ്കപാതയുടെ ഭാഗമായ വെള്ളരിമല വില്ലേജ് അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പദ്ധതിയുടെ തുടർനടപടികളെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മണ്ണിടിച്ചിലിന് ശേഷം തുരങ്കമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതോടെ പ്രദേശത്തെ നിലവിലെ സ്ഥിതിയും പദ്ധതിയുടെ അടുത്ത ഘട്ടവും സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആനക്കാംപൊയിൽ ഭാഗത്ത് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇതിനകം കോഴിക്കോട് ഭാഗത്ത് ഏകദേശം നൂറ് മീറ്ററോളം പാറ തുരന്നെടുത്തിട്ടുണ്ട്. എന്നാൽ വയനാട് ഭാഗത്തെ മണ്ണിടിച്ചിലിന് പിന്നാലെ തുടർനിർമ്മാണം നിലച്ചതോടെ പദ്ധതിയുടെ സമയക്രമം സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രധാന ബദൽ മാർഗമായാണ് ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത വിഭാവനം ചെയ്തത്. ചുരത്തിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങുന്ന സാഹചര്യം പതിവാകുന്നതിനിടെ, തുരങ്കപാതയുടെ നിർമ്മാണം വൈകുന്നത് യാത്രക്കാരെയും മലയോര മേഖലയിലെ ജനങ്ങളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *