യാത്രക്കാരുടെ വൻ തിരക്ക്; ബത്തേരി–ഗുണ്ടൽപേട്ട പ്രിയദർശിനി സർവീസ് തടസ്സപ്പെട്ടു

Bathery-Gundlupet Priyadarshini bus crowded with passengers

ബത്തേരി: യാത്ര സൗജന്യമായതോടെ സുൽത്താൻ ബത്തേരി–ഗുണ്ടൽപേട്ട് റൂട്ടിലെ പ്രിയദർശിനി ബസിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രണാതീതമായി. ഗുണ്ടൽപേട്ടിലെ പൂന്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും സന്ദർശിക്കാനെത്തുന്നവരാണ് പ്രധാനമായും ബത്തേരി സ്റ്റാൻഡിൽ നിന്ന് ബസിൽ കയറുന്നത്. സ്ത്രീകളുടെ വൻ തിരക്കാണ് പലപ്പോഴും ജീവനക്കാർക്ക് തലവേദനയാകുന്നത്.

അതിരാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സർവീസ് മുതൽ വൈകിട്ട് 4.20 വരെയുള്ള ട്രിപ്പുകളിൽ പലപ്പോഴും ബസ് നിറഞ്ഞാണ് യാത്ര. വയനാട്ടിൽ നിന്നുള്ള യാത്രക്കാരെക്കാൾ കൂടുതൽ പേർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാണ് ഗുണ്ടൽപേട്ടിലേക്ക് എത്തുന്നതെന്നാണ് ജീവനക്കാരുടെ പറയുന്നത്.

രാവിലെ ഏഴുമണി മുതൽ തന്നെ അമിത യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. ഒമ്പത് മണി, 10.20, ഉച്ചയ്ക്ക് 12, ഒരു മണി, 2.20 തുടങ്ങിയ സർവീസുകളിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്.

50 പേർക്ക് ഇരുന്നും 20 പേർക്ക് നിന്നുമുള്ള യാത്രയ്ക്ക് അനുമതിയുള്ള ബസിൽ ചില ഘട്ടങ്ങളിൽ 140 പേരോളം യാത്ര ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അമിതഭാരം മൂലം ബസിന്റെ ടയറിനും ജോയിന്റിനും തകരാർ സംഭവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.

തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി രാവിലെ 10.30-നുള്ള സർവീസ് പോലും നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായതായി ജീവനക്കാർ പറയുന്നു. ഗുണ്ടൽപേട്ട് സ്റ്റാൻഡിലെത്തിയ ശേഷവും ചില യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങാതെ അതേ ബസിൽ തന്നെ തിരികെ യാത്ര ചെയ്ത സംഭവങ്ങളുണ്ടെന്നും ജീവനക്കാർ പറയുന്നു.

ഗുണ്ടൽപേട്ടിലെ പൂന്തോട്ടങ്ങളും മുന്തിരിപ്പാടങ്ങളും കാണാൻ വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതാണ് തിരക്കിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. സൗജന്യ യാത്രാ സൗകര്യം കൂടുതൽ പേരെ ആകർഷിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ വേണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അമിത യാത്രക്കാരുമായി സർവീസ് നടത്തുന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും റൂട്ടിലെ ജീവനക്കാർ ആശങ്കപ്പെടുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *