സംസ്ഥാനത്ത് എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും പദ്ധതിയുടെ നടത്തിപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാധാരണ ജനങ്ങളുടെ ചികിത്സാചെലവ് കുറയ്ക്കാൻ പദ്ധതി സഹായകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾക്ക് മാത്രം പ്രയോജനം ലഭിക്കുമെന്നും സർക്കാർ ആശുപത്രികൾ പിന്നാക്കം പോകുമെന്നും ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലും സ്വകാര്യ ആശുപത്രികൾ പങ്കാളികളാണെന്നും പുതിയ പദ്ധതിയിൽ സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും പദ്ധതി പ്രാബല്യത്തിൽ വരിക. നിലവിൽ മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും സംസ്ഥാനത്ത് അപൂർവ രോഗങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ നിലവിലുള്ള ക്ഷേമാനുകൂല്യങ്ങൾ നഷ്ടമാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ചികിത്സാചെലവിന്റെ ഭാരം കാരണം നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ചികിത്സാചെലവ് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണെന്നും വിശദമായ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഈ പദ്ധതി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.