രാജ്യത്തെ ഗാർഹിക LPG പാചകവാതക ഉപഭോക്താക്കൾക്ക് വീണ്ടും വിലക്കയറ്റത്തിന്റെ തിരിച്ചടി. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചതായി എണ്ണക്കമ്പനികൾ അറിയിച്ചു. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ പ്രാബല്യത്തിൽ വന്നു.പുതിയ വിലപ്രകാരം ഡൽഹിയിൽ 14.2 കിലോഗ്രാം LPG സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില വർധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാർച്ച് 7-ന് സിലിണ്ടറിന് 60 രൂപയുടെ വർധനവ് നടപ്പാക്കിയിരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങളും അതിനെത്തുടർന്നുണ്ടായ ആഗോള എണ്ണ-വാതക വിതരണ പ്രതിസന്ധിയും വില വർധനവിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾ ഇന്ധനവിലകളെ ബാധിക്കുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.തുടർച്ചയായ വിലവർധനവ് സാധാരണ കുടുംബങ്ങളുടെ പ്രതിമാസ ചെലവിൽ കൂടുതൽ ഭാരം സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.