
തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരിച്ചുകയറിയ സ്വർണവിലയ്ക്ക് ഇന്ന് വീണ്ടും കനത്ത തിരിച്ചടി. സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയും കുറഞ്ഞു.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,040 രൂപയായി. ഗ്രാമിന് 14,505 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടത്തിന് പിന്നാലെയാണ് സ്വർണവില വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
തുടർച്ചയായി മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ 960 രൂപയുടെ വർധനവുണ്ടായിരുന്നു. എന്നാൽ ഈ നേട്ടം നിലനിർത്താൻ വിപണിക്ക് സാധിച്ചില്ല. ഇന്ന് വിപണി തുറന്നതോടെ വില വീണ്ടും താഴേക്ക് നീങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,200 രൂപയിലെത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വിപണിയിൽ മാറ്റമുണ്ടാകുകയും പവന് 960 രൂപയുടെ വർധന രേഖപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ചയും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. രാവിലെ പവന് 560 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് വീണ്ടും 1,720 രൂപയുടെ ഇടിവുണ്ടായി. രണ്ട് ഘട്ടങ്ങളിലായി അന്ന് പവന് ആകെ 2,280 രൂപയാണ് കുറഞ്ഞത്.
അതേസമയം, കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ സ്വർണവിലയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷത്തിനിടെ 60 ശതമാനത്തിലേറെയാണ് സ്വർണവില ഉയർന്നത്. ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഇറക്കുമതി തീരുവയും രൂപയുടെ മൂല്യത്തകർച്ചയും ഉൾപ്പെടുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾക്കൊപ്പം ഡോളറിന്റെ ശക്തി, രൂപയുടെ മൂല്യം, കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളും ആഭ്യന്തര സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. അതിനാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷണം.
ഇന്നത്തെ സ്വർണവിലയിലെ ഇടിവ് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. എന്നാൽ വിപണിയിലെ നിലവിലെ അസ്ഥിരത കണക്കിലെടുത്ത് വില വീണ്ടും ഉയരാനും താഴാനും സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ദിവസേനയുള്ള നിരക്ക് പരിശോധിക്കുന്നത് ഉചിതമാണ്.