
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് വിവിധ മേഖലകളിൽ കുടുങ്ങിയെന്ന് കരുതിയ 60 കേരളീയരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരെക്കുറിച്ചാണ് നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്കുകളിൽ കുടുംബാംഗങ്ങളിൽ നിന്ന് അന്വേഷണം ലഭിച്ചത്.
ലഭിച്ച വിവരങ്ങൾ പ്രകാരം 82 പേരിൽ 60 പേർ കേരളീയരും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഇനി കണ്ടെത്താനുള്ള എട്ടുപേരിൽ നാല് പേർ ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളത്തിൽ നിന്നുള്ളവരും നാല് പേർ കേരളീയരുമാണ്. ഇവരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. എട്ടുപേരെ സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായി നോർക്ക റൂട്ട്സ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 14 പേരുടെ വിവരങ്ങളും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
കൈലാസ് മാനസരോവർ തീർഥാടകർ സുരക്ഷിതർ
കൈലാസ് മാനസരോവർ യാത്രയുടെ ഭാഗമായി നേപ്പാളിലേക്കും ടിബറ്റിലേക്കും പോയ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘം നിലവിൽ ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. സംഘം വെള്ളിയാഴ്ച വൈകുന്നേരത്തോടെ സാഗയിൽ എത്തുമെന്നാണ് വിവരം.
ഓഗസ്റ്റ് 29ന് രാവിലെ സാഗയിൽ നിന്ന് കൊദാരി–നയാലം ബോർഡർ ക്രോസിങ് വഴി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് സംഘം യാത്ര തിരിക്കും. ഓഗസ്റ്റ് 31ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം നാട്ടിലേക്ക് മടങ്ങാനാണ് നിലവിലെ പദ്ധതി. സംഘത്തിന്റെ യാത്രാ വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് നിരീക്ഷിച്ചുവരികയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.
ചിലർ ഇന്ത്യയിലെത്തി; എവറസ്റ്റ് മേഖലയിലും മലയാളികൾ സുരക്ഷിതർ
നേപ്പാളിലുള്ള മറ്റ് ചില കേരളീയർ ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. മൗണ്ട് എവറസ്റ്റ് മേഖലയിലുള്ള ചില കേരളീയരും സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
നേപ്പാളിലെ ലങ്‌ടാങ് മേഖലയിലെ തുലോ സ്യാബ്രുവിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും കർണാലി പ്രവിശ്യയിലെ ജെജെർകോട്ടിൽ യാത്രാതടസ്സം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും നിരീക്ഷിച്ചുവരികയാണ്.
ഇന്ത്യയിലെത്തുന്ന മലയാളികൾക്ക് യാത്രാസൗകര്യം
നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്ന കേരളീയർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്കുകളുമായോ ഡൽഹിയിലെ എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാം.
മുഖ്യമന്ത്രിയുടെ ഓഫിസ്, ചീഫ് സെക്രട്ടറിയുടെ ഓഫിസ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്കുകൾ എന്നിവിടങ്ങളിൽ ഓഗസ്റ്റ് 27 വൈകുന്നേരം വരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ പട്ടിക തയ്യാറാക്കിയത്.