
തിരുവനന്തപുരം: വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ ഓൺലൈൻ സേവനങ്ങളിൽ നിർണായക മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്. ഇടനിലക്കാരുടെ അനധികൃത ഇടപെടലുകളും അപേക്ഷകരിൽ നിന്ന് അമിത തുക ഈടാക്കുന്നതും തടയുന്നതിന്റെ ഭാഗമായി പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കാനാണ് തീരുമാനം. സെപ്റ്റംബർ 21 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എംവിഡി അറിയിച്ചു.
വാഹൻ, സാരഥി പോർട്ടലുകൾ വഴി ലഭിക്കുന്ന വാഹന, ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ ഏകദേശം 60 സേവനങ്ങളാണ് പുതിയ സംവിധാനത്തിന്റെ പരിധിയിൽ വരുന്നത്. നിലവിൽ ഇതിൽ 21 സേവനങ്ങൾ ഓഫീസിൽ നേരിട്ട് എത്താതെ തന്നെ ഓൺലൈനായി ലഭിക്കുന്നുണ്ട്.
പുതിയ സംവിധാനമനുസരിച്ച് അപേക്ഷകരുടെ തിരിച്ചറിയൽ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കും. ഇതോടെ അപേക്ഷകന്റെ അനുമതിയില്ലാതെ മറ്റൊരാൾക്ക് സേവന നടപടികൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാകും.
ചില സേവനങ്ങളിൽ കർശനമായ ഒടിപി പരിശോധന നിലവിലില്ലാത്തത് അനധികൃത ഏജന്റുമാർ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നു. അപേക്ഷാ നടപടികളുടെ സങ്കീർണതയും സമയക്കുറവും കാരണം ഏജന്റുമാരെ ആശ്രയിക്കുന്ന സാധാരണക്കാരാണ് പലപ്പോഴും ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നത്.
അപൂർണമായ രേഖകൾ മനഃപൂർവം അപ്‌ലോഡ് ചെയ്ത് അപേക്ഷാ നടപടികൾ വൈകിപ്പിച്ച ശേഷം അത് വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അമിത തുക ഈടാക്കുന്ന സംഭവങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എംവിഡി സേവനങ്ങളിൽ കൂടുതൽ കർശനമായ പരിശോധന ഏർപ്പെടുത്തുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
എല്ലാ സേവനങ്ങളും ഘട്ടംഘട്ടമായി ഫെയ്സ്ലെസ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഇടനിലക്കാരുടെ അനധികൃത ഇടപെടലുകൾ കുറയ്ക്കാനും അപേക്ഷകർക്ക് കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കാനും കഴിയുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.