സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 360 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,320 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 13,665 രൂപയായി.
ഇന്നലെയും സ്വർണവിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഒറ്റദിവസം കൊണ്ട് 2,160 രൂപ ഉയർന്നതിന് പിന്നാലെ ഇന്നും വർധന തുടർന്നതോടെ രണ്ട് ദിവസത്തിനിടെ പവന് ഏകദേശം 2,520 രൂപയുടെ വർധനയാണ് ഉണ്ടായത്.
ഇറാനുമായുള്ള സംഘർഷം അവസാനിക്കുമെന്നും സമാധാന കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു.
അതേസമയം, മൂന്ന് ദിവസത്തിനിടെ 5,000 രൂപയിലധികം ഇടിഞ്ഞ ശേഷമാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്. പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥയും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകളും കഴിഞ്ഞ ദിവസങ്ങളിലെ വിലമാറ്റങ്ങൾക്ക് കാരണമായതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അമേരിക്കയിൽ പലിശനിരക്ക് ഉയർന്നാൽ സ്വർണവിലയ്ക്ക് സമ്മർദമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23നാണ് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്.