‘കഞ്ഞിയില്‍ മണ്ണുവാരിയിടരുത്’; ഇന്ദിരാ ഗ്യാരന്റിക്കെതിരെ സ്വകാര്യ ബസുടമകള്‍

കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ ഗ്യാരന്റി’ പ്രഖ്യാപനം തുടക്കത്തിലേ കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ പൊതുഗതാഗത മേഖല ഗുരുതര പ്രതിസന്ധിയിലാകുമെന്നും, ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനം അപകടത്തിലാകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.

സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി ഈ തീരുമാനത്തോടെ അനിശ്ചിതത്വത്തിലാകുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി പ്രഖ്യാപിച്ച പദ്ധതിയുടെ ആഘാതം സ്വകാര്യ ബസ് മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാർ ഗൗരവമായ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിലവിൽ വൻ സാമ്പത്തിക ബാധ്യതകൾ സഹിച്ചും പുതിയ വാഹനങ്ങളുമായി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സാഹചര്യത്തിൽ, പഴയ ബസുകളുമായി പ്രവർത്തിക്കുന്ന കെഎസ്‌ആർടിസിക്ക് മാത്രം പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് ഉടമകളുടെ വിമർശനം. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും, പദ്ധതി നടപ്പാക്കുന്നതിന് മുൻപ് ഉടമകളുമായി ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ഈ പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നീക്കങ്ങളാണ് കെഎസ്‌ആർടിസിയിൽ പുരോഗമിക്കുന്നത്. ഇതിനായി യാത്രക്കാരുടെ ലിംഗഭേദം രേഖപ്പെടുത്തിയ ടിക്കറ്റുകൾ വിതരണം ചെയ്യുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ നടപടികൾ തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസ് ഉടമകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *