കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ചുമതല.
**വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവുപ്രകാരം ഭൗമശാസ്ത്രജ്ഞൻ ഡോ. സി. പി. രാജേന്ദ്രൻ സമിതി അധ്യക്ഷനായിരിക്കും. പരിസ്ഥിതി ശാസ്ത്രജ്ഞൻ വിഷ്ണുദാസ്, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുള്ള എന്നിവർ അംഗങ്ങളാണ്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജീവൻ ബാബുവാണ് സമിതിയുടെ കൺവീനർ.ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതികളുടെ പാലനം, കരാറുകാർ നിർദേശിച്ച വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കിയിട്ടുണ്ടോയെന്നത് എന്നിവ സമിതി വിശദമായി പരിശോധിക്കും.ഇതിനുപുറമെ, തുരങ്ക നിർമാണ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും സാങ്കേതിക വീഴ്ചകളോ നിർമാണത്തിലെ അപാകതകളോ ഉണ്ടായിരുന്നോയെന്നും പരിസ്ഥിതി അനുമതികളുടെ നടപ്പാക്കലിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷണത്തിന്റെ ഭാഗമായി വിലയിരുത്തും.അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.