
കൽപ്പറ്റ: കർക്കിടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതിനായി വയനാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും വൻ തിരക്ക്. പുലർച്ചെ മുതൽ തന്നെ നിരവധി ഭക്തരാണ് പിതൃമോക്ഷപുണ്യം തേടി വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിയത്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ഉൾപ്പെടെയുള്ള പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ രാവിലെ മുതൽ ഭക്തജനങ്ങളുടെ വലിയ സാന്നിധ്യമാണ് അനുഭവപ്പെട്ടത്. തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന് മണിയോടെ തന്നെ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.
പിതൃക്കൾക്കായി ബലിതർപ്പണം നടത്താൻ നൂറുകണക്കിന് പേരാണ് പാപനാശിനിയിലേക്ക് എത്തിയത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര പരിസരത്തും ബലിതർപ്പണ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഭക്തരുടെ സുരക്ഷയും സുഗമമായ തീർഥാടനവും ഉറപ്പാക്കുന്നതിനായി പോലീസ്, അഗ്നിരക്ഷാസേന, ലൈഫ് ഗാർഡുകൾ, ബോംബ് സ്ക്വാഡ്, എക്സൈസ് സംഘം തുടങ്ങിയവരെയും വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
കർക്കിടക വാവ് ദിനത്തിൽ പിതൃസ്മരണയോടെ ബലിതർപ്പണം നടത്തുന്നത് കേരളത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ്. വയനാട്ടിലെ തിരുനെല്ലി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി ഭക്തരും എത്തിയിട്ടുണ്ട്.