സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രവണതകൾ വ്യക്തമാകുകയും, കേരളം ആരുടെ നേതൃത്വത്തിലായിരിക്കും മുന്നോട്ട് പോകുക എന്നതിൽ ഒരു വ്യക്തത രൂപപ്പെടുകയും ചെയ്യും. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
സംസ്ഥാനത്തുടനീളം 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരാണ് ചുമതലയിലുണ്ടാകുന്നത്. മൂന്നാംതവണയും തുടർഭരണം നേടുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് ആത്മവിശ്വാസത്തിലാണ്. അതേസമയം, ഒരു പതിറ്റാണ്ടിന് ശേഷമുള്ള അധികാര തിരിച്ചുവരവ് ലക്ഷ്യമിട്ട് യുഡിഎഫ് ശക്തമായി രംഗത്തുണ്ട്. നിയമസഭയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
കോൺഗ്രസിനകത്ത് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. മുസ്ലിം ലീഗും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുള്ള പിന്തുണ പരസ്യമായതോടെ, രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാൽ പക്ഷങ്ങളും പ്രതിസന്ധിയിലാണെന്ന വിലയിരുത്തലുണ്ട്. അതേസമയം, വികസനവും ക്ഷേമപദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചുവെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. ശക്തമായ ത്രികോൺ മത്സരം നടന്ന മണ്ഡലങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.