കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മലയോര മേഖലകളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്‌പ്രദേശങ്ങളിലുമുള്ളവർ അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയും രാത്രി വൈകുന്നതിന് മുമ്പ് തന്നെ അവിടങ്ങളിലേക്ക് മാറി താമസിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായും റവന്യൂ അധികൃതരുമായും ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിലും ദുർബലമായ കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി പോസ്റ്റുകൾ തകർന്നുവീഴൽ തുടങ്ങിയ അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കുന്നതും ജലാശയങ്ങളിൽ കുളിക്കുന്നതും മീൻപിടിക്കാൻ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കണം. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിലും മേൽപ്പാലങ്ങളിലും കാഴ്ച കാണാനോ സെൽഫി എടുക്കാനോ കൂട്ടംകൂടി നിൽക്കാനോ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

മഴ ശക്തമാകുന്ന സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ മാറ്റിവയ്ക്കുന്നത് സുരക്ഷിതമാണ്.

ജലാശയങ്ങൾക്ക് സമീപമുള്ള റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത വേണം. റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഇടങ്ങളിലുമായി വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന സ്ഥലങ്ങളിൽ വാഹനവുമായി പ്രവേശിക്കാൻ ശ്രമിക്കരുത്.

ദുരന്തസാധ്യത മേഖലയിലുള്ളവർ ആവശ്യമായ രേഖകൾ, മരുന്നുകൾ, ടോർച്ച്, കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുത്തിയ എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ സജ്ജമാണ്. അടിയന്തര സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ സുരക്ഷാ നിർദേശങ്ങൾക്കും മുൻകരുതൽ മാർഗങ്ങൾക്കും:
Kerala State Disaster Management Authority

Related Posts

Leave a Reply

Your email address will not be published. Required fields are marked *