സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ബസ് കൺസെഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതനുസരിച്ച്, കൺസെഷൻ ലഭിക്കാനുള്ള പരമാവധി പ്രായപരിധി 24 വയസിൽ നിന്ന് 27 വയസായി ഉയർത്തി. അതോടൊപ്പം, കൺസെഷൻ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 40 കിലോമീറ്ററായി വർധിപ്പിച്ചിട്ടുമുണ്ട്.
സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെഷനെ ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ പതിവായി ഉണ്ടാകുന്ന തർക്കങ്ങൾ കുറയ്ക്കുന്നതിനും സംവിധാനത്തിൽ കൂടുതൽ വ്യക്തത കൊണ്ടുവരുന്നതിനുമാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം, വിദ്യാർത്ഥികൾക്ക് രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാൻ കഴിയും. എന്നാൽ, ഈ ആനുകൂല്യം സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ (ഫുൾ ടൈം) വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ലഭിക്കുക. ക്രാഷ് കോഴ്സുകളിലോ പാർട്ട് ടൈം കോഴ്സുകളിലോ പഠിക്കുന്നവർക്ക് കൺസെഷന് അർഹതയുണ്ടാകില്ല.
കൺസെഷൻ അനുവദിക്കുന്ന നടപടിക്രമങ്ങളും ഇനി മുതൽ പൂർണമായും ഡിജിറ്റലാക്കും. ഇതിനായി മോട്ടോർ വാഹന വകുപ്പിന്റെ ‘MVD LEADS’ മൊബൈൽ ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും എംവിഡിയുടെ പരിശോധനയ്ക്ക് ശേഷം അംഗീകാരം നേടുകയും വേണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
തുടർന്ന് വിദ്യാർത്ഥികൾക്ക് ആപ്പ് മുഖേന കൺസെഷനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കുന്നതോടെ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ആപ്പിലൂടെ അറിയിപ്പ് ലഭിക്കും. അപേക്ഷകൻ ആ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരിക്കും മോട്ടോർ വാഹന വകുപ്പ് കൺസെഷൻ അനുവദിക്കുക. ഇതിലൂടെ കൺസെഷൻ വിതരണത്തിൽ കൂടുതൽ സുതാര്യതയും ദുരുപയോഗം തടയുന്നതിനുള്ള സംവിധാനവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.