വൈദ്യുതി ക്ഷാമം മറികടക്കാൻ അടിയന്തര നടപടി; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം നേരിടുന്നതിനായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ തീരുമാനത്തിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. ഒരു വർഷത്തേക്കുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുക.
കെഎസ്ഇബി നടത്തിയ ടെൻഡറിൽ രണ്ട് കമ്പനികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. NTPS കമ്പനിയിൽ നിന്ന് 100 മെഗാവാട്ടും അദാനി ഗ്രൂപ്പിൽ നിന്ന് മറ്റൊരു 100 മെഗാവാട്ടും വാങ്ങാനാണ് തീരുമാനം. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.
അതേസമയം, നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ സാധിക്കില്ലെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. പ്രതിസന്ധി കുറയ്ക്കുന്നതിനായി മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇടുക്കി ഉൾപ്പെടെയുള്ള പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നത് ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ജൂലൈ മാസത്തിൽ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ആവശ്യകത 1,000 മെഗാവാട്ട് എന്ന ഉയർന്ന നിലവാരത്തിലെത്തിയതെന്നും, പ്രത്യേകിച്ച് വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ഉപഭോഗം കുത്തനെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും കെഎസ്ഇബി വിലയിരുത്തുന്നു.
ദീർഘകാല വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ ചീമേനി ആണവനിലയവുമായി ബന്ധപ്പെട്ട സർക്കാർ ചർച്ചകൾക്ക് കെഎസ്ഇബിയും പിന്തുണ നൽകുമെന്ന് ചെയർമാൻ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ഇതിനിടെ, പ്രതിസന്ധി മുൻകൂട്ടി കണ്ട് ആവശ്യമായ അളവിൽ വൈദ്യുതി വാങ്ങുന്നതിൽ കെഎസ്ഇബി വീഴ്ച വരുത്തിയെന്ന ആരോപണവുമായി മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും രംഗത്തെത്തി. സമയോചിതമായ ആസൂത്രണക്കുറവാണ് നിലവിലെ സാഹചര്യം രൂക്ഷമാക്കിയതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.