കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; റോഡിൽ ഡീസൽ പരന്നൊഴുകി, വൻ അപകടം ഒഴിവാക്കി അഗ്നിരക്ഷാസേന

KSRTC bus and milk tanker lorry collision at Periya 37 on the Mananthavady–Nedumpoil Road in Wayanad

മാനന്തവാടി: മാനന്തവാടി–നെടുംപൊയിൽ റോഡിലെ പേര്യ 37-ൽ കെഎസ്ആർടിസി ബസും മിൽക്ക് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ പരന്നൊഴുകി.

റോഡിൽ ഡീസൽ പരന്നതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ തെന്നിമറിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത നിലനിന്നിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മാനന്തവാടി അഗ്നിരക്ഷാസേന റോഡിൽ പരന്ന ഇന്ധനം പൂർണമായും നീക്കം ചെയ്ത് കൂടുതൽ അപകടസാധ്യത ഒഴിവാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

മാനന്തവാടി ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി. പ്രഭാകരന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി.കെ. രാജേഷ്, അജിൽ കെ., ബിനീഷ് ബേബി, ഹോം ഗാർഡ് ശിവദാസൻ, സിവിൽ ഡിഫൻസ് അംഗം ഇബ്രാഹിം പേര്യ എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു.

നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ നവംബർ 3 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്. എറണാകുളത്ത് ചേർന്ന സമിതി യോഗത്തിലാണ് സർവീസ് നിർത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായെന്നാണ് സമരസമിതിയുടെ ആരോപണം. ജൂൺ 15 മുതൽ ആരംഭിച്ച സൗജന്യ ബസ് സർവീസ് സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇതിൽ പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

പ്രിയദർശിനി സർവീസിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും തുടർചർച്ചകൾ നടന്നിട്ടില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി. പുതിയ സൗജന്യ ബസ് സർവീസുകൾ കൂടി ആരംഭിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സ്വകാര്യ ബസ് സർവീസുകൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങൾ

സ്ത്രീകൾക്ക് സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുകയും അതിന് തുല്യമായ തുക സർക്കാർ ബസ് ഉടമകൾക്ക് നൽകുകയും ചെയ്യണമെന്നാണ് പ്രധാന ആവശ്യം. 15 വർഷമായി മാറ്റമില്ലാതെ തുടരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്നും നാലര വർഷം മുമ്പ് നിശ്ചയിച്ച പൊതുയാത്രാനിരക്ക് പുതുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഡീസൽ വിലയിൽ സർക്കാരിന് ലഭിക്കുന്ന നികുതിയിൽ നിന്ന് സ്വകാര്യ ബസുകൾക്ക് ഇളവ് അനുവദിക്കുക, ടൈമിങ് കോൺഫറൻസുകൾ ഓൺലൈനായി നടത്താനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കുക, ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ മാത്രം ഗ്രാമവണ്ടികൾ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

കമ്മിഷൻ ശുപാർശകളിലും നടപടി വേണം

പദ്മകുമാർ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കണമെന്നും സ്വകാര്യ ബസുകളുടെ പ്രായപരിധി വർധിപ്പിക്കുക, ഇൻഷുറൻസ് ചെലവ് സർക്കാർ ഏറ്റെടുക്കുക, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ഉടൻ തീരുമാനമെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങളിൽ അടിയന്തരമായി തീരുമാനമുണ്ടായില്ലെങ്കിൽ നവംബർ 3 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം. സമരം നടപ്പായാൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഗതാഗതപ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കും.

സംസ്ഥാനത്ത് തിങ്കളാഴ്ച സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പൂജവെപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ ധാരണയായതായാണ് വിവരം.

മഹാനവമി ഒക്ടോബർ 20 ചൊവ്വാഴ്ചയാണെങ്കിലും പൂജവെപ്പ് ഒക്ടോബർ 18 ഞായറാഴ്ച വരുന്നത് പരിഗണിച്ചാണ് തിങ്കളാഴ്ച അവധി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് (വെള്ളിയാഴ്ച) പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

വയനാടിന് അഭിമാനം; ദേശീയ കരകൗശല അവാർഡ് നേടി കൃഷ്ണപ്രസാദ്

പൂതാടി: ദേശീയ കരകൗശല അവാർഡ് 2025-ന് അർഹനായി വയനാട് പൂതാടി സ്വദേശി കൃഷ്ണപ്രസാദ്. മുള പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിച്ച് ഒരുക്കിയ ‘വ്യാസ മെഡിറ്റേഷൻ ആൻഡ് ഇന്നർ വേൾഡ് ഓഫ് തോട്ട്സ്’ എന്ന ചിത്രശിൽപ്പത്തിനാണ് പുരസ്കാരം ലഭിച്ചത്. കലാരംഗത്തെ മികവിലൂടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് 40-കാരനായ കൃഷ്ണപ്രസാദ്.

പൂതാടി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കര വെസ്റ്റ് കൊട്ടിലിങ്ങൽ പറമ്പിൽ വീട്ടിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് കഴിഞ്ഞ 15 വർഷമായി തൃക്കൈപ്പറ്റയിലെ ഭവം ആർട്ട് ആൻഡ് ക്രാഫ്റ്റിലെ കലാകാരനായി പ്രവർത്തിച്ചുവരികയാണ്. ഇതിനോടകം നിരവധി കേന്ദ്ര-സംസ്ഥാന മ്യൂസിയം ആർട്ട് പ്രോജക്ടുകളിലും സർക്കാർ, ഇതര പ്രദർശനങ്ങളിലും കലാക്യാമ്പുകളിലും പരിശീലന പരിപാടികളിലും പങ്കെടുത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മുളയെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടിപരമായ ആവിഷ്കാരത്തിലൂടെ ശ്രദ്ധ നേടിയ കൃഷ്ണപ്രസാദിന്റെ നേട്ടം വയനാടിന്റെ കലാ-കരകൗശല മേഖലയ്ക്കും അഭിമാനകരമാണ്.

2026 ഡിസംബർ രണ്ടാം വാരത്തിൽ ഡൽഹിയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് കൃഷ്ണപ്രസാദ് പുരസ്കാരം ഏറ്റുവാങ്ങും.

മാളു കെ.പി.യാണ് അമ്മ. ഭാര്യ വിദ്യ എം.വി. മകൾ ഇതൾ കെ. പൂതാടി ഗവൺമെന്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ദേശീയ തലത്തിൽ അംഗീകാരം നേടിയ കൃഷ്ണപ്രസാദിന്റെ നേട്ടം പൂതാടിക്കും വയനാടിനും ഒരുപോലെ അഭിമാനമായി.

അമ്പലവയലിൽ വീട്ടുപറമ്പിൽ കഞ്ചാവ് ചെടി വളർത്തി; 56കാരൻ പിടിയിൽ

അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ മധ്യവയസ്കനെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടി. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസ് (56) ആണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ടി. മനോഹരന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. പ്രതിയുടെ വീട്ടുപറമ്പിൽ ചാക്കിൽ നട്ടുവളർത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഇതിനു പുറമെ, ഇയാളിൽ നിന്ന് 8.35 ഗ്രാം ഉണക്ക കഞ്ചാവും 6 ഗ്രാം കഞ്ചാവിന്റെ വിത്തുകളും പിടിച്ചെടുത്തു. അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Posts

Leave a Reply

Your email address will not be published. Required fields are marked *