ഓണാഘോഷം കണക്കിലെടുത്ത് പരീക്ഷ മാറ്റി; പുതുക്കിയ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പരീക്ഷയും ഓണാഘോഷവും ഒരേ ദിവസം വരുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും ഓഗസ്റ്റ് 21നാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ അന്നേ ദിവസം പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പൊതുതാൽപര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

മാറ്റിവച്ച എട്ടാം ക്ലാസ് പരീക്ഷ ഓണാവധിക്ക് ശേഷം സെപ്റ്റംബർ 1ന് നടത്തും. ഇതുസംബന്ധിച്ച പുതുക്കിയ ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

നേരത്തെ ഓഗസ്റ്റ് 20ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ മലയാളം രണ്ടാം പേപ്പർ പരീക്ഷ ഓഗസ്റ്റ് 21ലേക്ക് മാറ്റിയിരുന്നു. എട്ടാം, ഒൻപതാം, പത്താം ക്ലാസുകളിലെ പരീക്ഷകൾ ഒരേ സമയത്ത് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഉയർന്ന വിമർശനത്തെ തുടർന്നായിരുന്നു പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തിയത്.

ഇതിന്റെ ഭാഗമായാണ് എട്ടാം ക്ലാസ് പരീക്ഷ ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21ന് നിശ്ചയിച്ചത്. എന്നാൽ ഓണാഘോഷവും പരീക്ഷയും ഒരേ ദിവസം വരുന്നതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വീണ്ടും പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *