രാജ്യത്ത് ഇന്ധനവില വീണ്ടും ഉയരാനൊരുങ്ങുന്നതായി സൂചന. പൊതുമേഖല എണ്ണ കമ്പനികൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് വില വർധനയ്ക്ക് അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് ദിവസത്തിനകം പുതിയ നിരക്കുകൾ പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് വിവരം. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപവരെ വർധന ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയും അൻപത് രൂപവരെ ഉയരാൻ സാധ്യതയുണ്ട്.
ആഗോള എണ്ണവിലയിൽ ഉണ്ടായിരിക്കുന്ന വർധനയും ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷാവസ്ഥയും രാജ്യത്തെ ഇന്ധന വിപണിയിൽ ആശങ്ക വർധിപ്പിക്കുകയാണ്. തിങ്കളാഴ്ച മാത്രം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് മൂന്ന് ഡോളർ ഉയർന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ഡോളറായി.
സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കുമായി ചേർന്ന് വിവിധ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അവശ്യവസ്തുക്കൾ അല്ലാത്ത ഇറക്കുമതികൾ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുവെന്നാണ് വിവരം.
ഇതിനിടെ രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ആഗോള പ്രതിസന്ധികളെ അതിജീവിക്കാൻ ജനങ്ങളുടെ കൂട്ടായ സഹകരണം ആവശ്യമാണ്െന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ഇന്ധനവില ഉയരുന്നത് സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിൽ വലിയ ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. ഗതാഗത ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ വിപണിയും ജനങ്ങളും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.