കൽപ്പറ്റ: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി ഗ്രാമപഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗവ്യാപനം തടയാൻ ജില്ലാ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചു. മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗ തീരുമാനവും കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023-ലെ സെക്ഷൻ 42-ഉം അടിസ്ഥാനമാക്കിയുള്ള കണ്ടെയിൻമെന്റ് നടപടികളുടെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയത്.രോഗബാധ റിപ്പോർട്ട് ചെയ്ത കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിന് ജൂൺ 21, 2026 വരെ അവധി തുടരും. കൂടാതെ നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാൽ എയുപിഎസ്, പഴൂർ സെന്റ് ആന്റണീസ് എയുപിഎസ്, പുത്തൻകുന്ന് സെന്റ് തോമസ് എഎൽപിഎസ്, തേജസ് നഴ്സറി സ്കൂൾ, ചീരാൽ ഹയർ സെക്കൻഡറി സ്കൂൾ, ആനപ്പാറ ഗവ. ഹൈസ്കൂൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ഹൈസ്കൂൾ വിഭാഗം ഉൾപ്പെടെ), കുപ്പാടി ഹൈസ്കൂൾ, ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്കൂൾ, ചേനാട് ഗവ. ഹൈസ്കൂൾ എന്നിവയ്ക്കും അവധി ബാധകമാണ്.അതേസമയം, നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മാതമംഗലം മർക്കസ് പബ്ലിക് സ്കൂളിനും മറ്റ് പ്രദേശങ്ങളിലെ വ്യാസ വിദ്യാമന്ദിർ, സെവൻത് ഡേ സ്കൂൾ എന്നിവയ്ക്കും ജൂൺ 17, 2026 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം അംഗീകൃത NAB ലാബുകളിൽ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇതുവരെ പരിശോധന നടത്താത്ത സ്കൂളുകൾ അടിയന്തരമായി പരിശോധന പൂർത്തിയാക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇത് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഉത്തരവിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്. ജില്ലയിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശക്തമാക്കിയിട്ടുണ്ട്.