സംസ്ഥാനത്ത് പാമ്പുകടി മരണങ്ങള് പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ശാസ്ത്രീയവും നയപരവുമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി K Muraleedharan അറിയിച്ചു. പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തില്‍ പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങള് തുടരുന്നത് അത്യന്തം ദുഃഖകരമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 20ഓളം പേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ല” എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കിയ അദ്ദേഹം, മരണങ്ങളില്‍ കൂടുതലും കുട്ടികളാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സ്നേക്ക് ബൈറ്റ് എൻവെനമിംഗ് മാനേജ്മെന്റ്’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാമ്പുകടിയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപിപ്പിക്കുന്നതിന് സര്‍വകലാശാല നടത്തിയ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.
താലൂക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും മന്ത്രി പ്രശംസിച്ചു. വിഷചികിത്സയ്ക്ക് ശേഷമുള്ള പാര്‍ശ്വഫലങ്ങളെ ഭയന്ന് ചികിത്സ നല്കുന്നതില് മടിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
മെഡിക്കല്‍ കോളേജ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നടന്ന സെമിനാറില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ Dr Mohanan Kunnummal അധ്യക്ഷത വഹിച്ചു. പാമ്പുകടി മരണനിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ വൈദ്യശാസ്ത്ര ഗവേഷണവും വിദഗ്ധ പരിശീലനവും സംസ്ഥാനത്ത് വികസിപ്പിക്കാന്‍ സര്‍വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
സെമിനാറില്‍ വിവിധ ആരോഗ്യ വിദഗ്ധരും ഗവേഷകരും പങ്കെടുത്തു. പാമ്പുകടി പ്രതിരോധം, അടിയന്തര ചികിത്സ, വിഷചികിത്സയിലെ പുതിയ ശാസ്ത്രീയ സമീപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങളും അവതരിപ്പിച്ചു.