യാത്രക്കാർ ശ്രദ്ധിക്കുക; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് ശക്തമാകുന്നു

താമരശ്ശേരി ചുരത്തിന്റെ ആറാം വളവിൽ പുരോഗമിക്കുന്ന റോഡ് നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ തുടങ്ങി. നിർമാണത്തിനായി റോഡരികിൽ മണ്ണും മറ്റ് സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് വളവ് സുഗമമായി തിരിഞ്ഞുപോകാൻ ബുദ്ധിമുട്ട് നേരിടുകയാണ്.

പ്രത്യേകിച്ച് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ ബസുകൾ വളവ് മറികടക്കുന്നതിനിടെ കൂടുതൽ സമയം എടുക്കുന്നത് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടാൻ കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നതിനാൽ പണി പൂർത്തിയാകുന്നതുവരെ ഈ ഭാഗത്ത് ഗതാഗത തടസ്സം തുടരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

പകൽ സമയത്തെ തിരക്കിന് പുറമെ, രാത്രിയിൽ ദീർഘദൂര സർവീസുകൾ നടത്തുന്ന മൾട്ടി ആക്സിൽ വാഹനങ്ങളും ചരക്ക് ലോറികളും ഒരേസമയം ചുരം ഉപയോഗിക്കുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. വലിയ വാഹനങ്ങൾ വളവുകളിൽ കുടുങ്ങുന്നതും അശ്രദ്ധമായ ഡ്രൈവിംഗും മണിക്കൂറുകളോളം നീളുന്ന ബ്ലോക്കുകൾക്ക് കാരണമായേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഈ സാഹചര്യത്തിൽ വയനാട്–കോഴിക്കോട് റൂട്ടിൽ താമരശ്ശേരി ചുരം വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ആശുപത്രി, വിമാനത്താവളം, ഓഫീസ് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ പതിവിലും നേരത്തെ യാത്ര ആരംഭിക്കുന്നതും, സാധ്യമെങ്കിൽ ബദൽ റോഡുകൾ തിരഞ്ഞെടുക്കുന്നതും ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സഹായകരമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *