
മാനന്തവാടി: സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ഏജന്റുമാർ ഗോത്രവനിതകളുടെ പേരിൽ വായ്പയെടുത്ത് പണം തട്ടിയെന്ന പരാതിയിൽ പ്രതിഷേധം ശക്തമായി. മാനന്തവാടി ചെറ്റപ്പാലം റോഡിലെ ഭാരത് ഫിനാൻസ് സ്ഥാപനമാണ് സിപിഐ എം–ഡിവൈഎഫ്‌ഐ പ്രവർത്തകർ താഴിട്ട് പൂട്ടിയത്.
ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രവർത്തകർ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് സ്ഥാപനം പൂട്ടിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നാളെ രാവിലെയോടെ പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
എടവക ചേമ്പിലോട് വലിയകുന്ന് ഉന്നതിയിലെ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരുടെ ആധാർ കാർഡ് ഉപയോഗിച്ച് രണ്ട് വർഷം മുൻപ് ഇതേ സ്ഥാപനത്തിലെ ഏജന്റുമാർ വായ്പയെടുത്ത് കബളിപ്പിച്ചതായാണ് പരാതി. മൂന്നുപേരിൽ നിന്നും 34,000 രൂപ വീതം പിൻവലിപ്പിച്ച ശേഷം ഏജന്റുമാർ പണം കൈപ്പറ്റുകയും നാലായിരം രൂപ വീതം തിരികെ നൽകുകയും ചെയ്തെന്നാണ് ആരോപണം.
പിന്നീട് വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് തങ്ങളുടെ പേരിൽ വായ്പയെടുത്ത വിവരം ഇവർ അറിയുന്നത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇതേ ധനകാര്യ സ്ഥാപനത്തിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
വി.ബി. ബബീഷ്, അഡ്വ. നിഖിൽ ബേബി, എ.കെ. റൈഷാദ്, കെ. പോക്കുട്ടി, പൂവൻ ഇബ്രാഹിം, ഹരീഷ് എരുമത്തെരുവ്, കെ.ടി. മുഹമ്മദ് റാഫി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.