ബീവറേജ് പരിസരത്ത് കാത്തുനിന്ന് കവർച്ച; കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ ഭീഷണി — രണ്ട് പേർ പിടിയിൽ

Wayanad Police arrest two men in knife-point robbery case

പടിഞ്ഞാറത്തറ: ബീവറേജ് ഔട്ട്‌ലെറ്റുകളുടെ പരിസരത്ത് തക്കംപാത്തുനിന്ന് ആളുകളെ കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ ഭീഷണിപ്പെടുത്തി പണവും മറ്റ് സാധനങ്ങളും കവർന്ന സംഘത്തിലെ രണ്ട് പേരെ വയനാട് പോലീസ് സാഹസികമായി പിടികൂടി. തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട് കാളിയാർ വീട്ടിൽ സൈദുള്ള (36) എന്നിവരാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡായ SAGOC-ന്റെ പിടിയിലായത്.

പനമരത്തും പടിഞ്ഞാറത്തറയിലും സമാന രീതിയിൽ ആസൂത്രിതമായി കവർച്ച നടത്തിയ ശേഷമാണ് പ്രതികൾ കർണാടകയിലേക്ക് കടന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പോലീസ് സംഘം പ്രതികളെ പിന്തുടർന്ന് കണ്ടെത്തുകയായിരുന്നു. ഇരുവർക്കുമെതിരെ പനമരം പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ലോട്ടറി വിൽപ്പനക്കാരനെ കാറിൽ കയറ്റി കവർച്ച

ഓഗസ്റ്റ് 31ന് ഉച്ചയോടെയാണ് പടിഞ്ഞാറത്തറ നായ്മൂല ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം ആദ്യ കവർച്ച നടന്നത്. കാറിലെത്തിയ പ്രതികൾ ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയിൽ നിന്ന് ലോട്ടറി വാങ്ങിയ ശേഷം പണം നൽകാനുണ്ടെന്ന വ്യാജേന കാറിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു.

തുടർന്ന് ഇയാളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തതായി പോലീസ് പറയുന്നു. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണവും ലോട്ടറി ടിക്കറ്റുകളും കവർന്നെടുത്ത് ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

പനമരത്തും സമാന രീതിയിൽ ആക്രമണം

ഇതേ ദിവസം വൈകീട്ട് പനമരത്തും പ്രതികൾ സമാന രീതിയിൽ കവർച്ച നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. നടവയൽ സ്വദേശിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദിച്ച ശേഷം പണവും മദ്യവും കവർന്നെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.

സംഭവങ്ങൾക്ക് പിന്നാലെ പ്രതികൾ കൽപ്പറ്റയിലെത്തിയിരുന്നു. അവിടെ ബീവറേജ് പരിസരത്ത് ബഹളമുണ്ടാക്കിയതിനെ തുടർന്ന് കൽപ്പറ്റ പോലീസ് ഇരുവരെയും കരുതൽ തടങ്കലിൽ എടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. എന്നാൽ കവർച്ചയ്ക്കിരയായവർ പിന്നീട് അതത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

കർണാടകയിലേക്ക് കടന്ന പ്രതികളെ പിന്തുടർന്ന് പിടികൂടി

കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾ കർണാടകയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ചാമരാജ് നഗറിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്.

പ്രതികളെ പിടികൂടുന്നതിനായി പോലീസ് സംഘം നടത്തിയ നീക്കം സാഹസികമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

നിരവധി കേസുകളിൽ പ്രതി

മുഹമ്മദ് ബഷീറിനെതിരെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. മാനന്തവാടി, കൽപ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലായി എൻ.ഡി.പി.എസ്, അബ്കാരി കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. സൈദുള്ളക്കെതിരെ കൽപ്പറ്റ പോലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്, മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

എസ്.ഐ ബിജു വർഗീസിന്റെ നേതൃത്വത്തിൽ ശാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ശ്രീജേഷ്, അബ്ദുൽ വാജിദ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ കർണാടകയിൽ നിന്ന് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. സമാന രീതിയിൽ മറ്റാർക്കെങ്കിലും കവർച്ചയ്ക്കിരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *