
മാനന്തവാടി: വയനാട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയനാട് സർക്കാർ എൻജിനിയറിങ് കോളേജിലെ ഒരു വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
ഇതേ കോളേജിലെ നാല് വിദ്യാർഥികൾ കൂടി സമാന രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച വിദ്യാർഥി കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ചികിത്സ തേടിയ മറ്റ് നാല് പേരിൽ ഒരാൾ ഹോസ്റ്റലിലും മൂന്ന് പേർ പുറത്തുള്ള താമസസ്ഥലങ്ങളിലുമാണ് കഴിയുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഹോസ്റ്റലിലും പരിസര പ്രദേശങ്ങളിലുമായി ആരോഗ്യ പരിശോധന, ശുചിത്വ പ്രവർത്തനങ്ങൾ, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന എന്നിവ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.