
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന റോഡിലെ കട്ടിങ്ങും കുഴികളും രോഗികൾക്കും ആംബുലൻസ് ജീവനക്കാർക്കും വലിയ ദുരിതമാകുന്നതായി പരാതി. ചികിത്സയ്ക്കായി അത്യാസന്ന നിലയിൽ എത്തുന്ന രോഗികളുമായി വാഹനങ്ങൾ ഈ ഭാഗത്തുകൂടി കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ശക്തമായ കുലുക്കം രോഗികളുടെ ആരോഗ്യനില കൂടുതൽ വഷളാക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആശങ്ക.
ഹൃദയാഘാതം, ഗുരുതര പരിക്കുകൾ, ശ്വാസതടസ്സം തുടങ്ങിയ അടിയന്തര ചികിത്സ ആവശ്യമായ രോഗികളെയും ഗർഭിണികളെയും ഉൾപ്പെടെ ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങൾക്കാണ് റോഡിന്റെ ഈ അവസ്ഥ പ്രധാനമായും ബുദ്ധിമുട്ടാകുന്നത്. ആംബുലൻസുകൾക്ക് വേഗത്തിൽ അത്യാഹിത വിഭാഗത്തിന് സമീപമെത്തേണ്ട സാഹചര്യത്തിൽ റോഡിലെ കട്ടിങ് വലിയ തടസ്സമായി മാറുകയാണ്.
രോഗികളുമായി എത്തുന്ന വാഹനങ്ങൾ കട്ടിങ് മറികടക്കുന്നതിനായി വേഗം കുറയ്ക്കുകയും പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും വെട്ടിച്ചെടുക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. ഇതിനിടെ വാഹനത്തിനുള്ളിലെ രോഗികൾക്ക് ശക്തമായ കുലുക്കവും ശാരീരിക പ്രയാസവും അനുഭവപ്പെടുന്നുണ്ട്.
ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ഓരോ നിമിഷവും നിർണായകമായിരിക്കെ, ആശുപത്രിയുടെ തൊട്ടുമുന്നിലെ റോഡിൽ തന്നെ ഇത്തരമൊരു തടസ്സം നിലനിൽക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. അടിയന്തര ചികിത്സയ്ക്കായി എത്തുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ റോഡ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
മെഡിക്കൽ കോളേജിൽ ദിവസേന നിരവധി രോഗികളും ആംബുലൻസുകളും എത്തുന്ന സാഹചര്യത്തിൽ റോഡിലെ കട്ടിങ്ങും കുഴികളും അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാരും രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നു. അധികൃതർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി അപകടസാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യം.