വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മാനന്തവാടി സ്വദേശികളുടെ പരാതിയിൽ 59കാരി അറസ്റ്റിൽ

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി വഞ്ചിച്ച കേസിൽ കോഴിക്കോട് സ്വദേശിനിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചോറോട് പറയുള്ളതിൽ വീട്ടിൽ ലത സുനിൽ (59) ആണ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കേസിൽ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാനന്തവാടി ആറാട്ടുതറ സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒമാനിലെ അൽ ഐനിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം കൈപ്പറ്റിയതെന്നാണ് പരാതി. പരാതിക്കാരനു പരിചയമുള്ള 21 പേർ ഉൾപ്പെടെ 51 പേരിൽ നിന്ന് പണം വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

പരാതിക്കാരനിൽ നിന്ന് 65,000 രൂപയും മറ്റ് പലരിൽ നിന്ന് വിവിധ ദിവസങ്ങളിലായി 75,000 രൂപ വീതവുമാണ് ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ ജോലിയോ നൽകാതെ പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് കേസ്.

തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നാണ് വിവരം. വിദേശ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരും സ്വർണാഭരണങ്ങൾ വിറ്റും പണയം വെച്ചും ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയുമാണ് പണം നൽകിയത്. പിന്നീട് പലവിധ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോയെങ്കിലും ജോലി ലഭിക്കാതായതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്.

അതേസമയം, ചിലരിൽ നിന്ന് വാങ്ങിയ ചെറിയ തുകകൾ പിന്നീട് തിരികെ നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.

എസ്.ഐമാരായ കെ. സിൻഷ, റെജി, എ.എസ്.ഐ ഗീത, എസ്.സി.പി.ഒ റയീസ്, ഡ്രൈവർ എസ്.സി.പി.ഒ ടൈറ്റസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *