
സ്വകാര്യ ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതികൾ ഉയരുന്നു. അടിമാലി ശാഖയിൽ ഉപഭോക്താക്കൾ അറിയാതെയാണ് വ്യാപകമായി വായ്പകൾ അനുവദിച്ചതെന്നാണ് പരാതി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പേരുടെ പേരിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്പകൾ രേഖപ്പെടുത്തിയതായാണ് ആരോപണം.
നിലവിൽ ഒരു വായ്പ മാത്രമുള്ള ഉപഭോക്താക്കളുടെ പേരിൽ പോലും അധികമായി രണ്ട് വായ്പകൾ കൂടി എടുത്തതായി രേഖകളിൽ കാണുന്നതായി പരാതിക്കാർ പറയുന്നു. വായ്പയ്ക്ക് അപേക്ഷിക്കാത്തവരുടെ പേരിലും, ഗ്യാരന്ററായി മാത്രം നിന്നവരുടെ പേരിലും വായ്പകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
ഉപഭോക്താക്കളുടെ സിബിൽ സ്കോർ ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്. ഉയർന്ന സിബിൽ സ്കോറുള്ളവരുടെ പേരിൽ വായ്പകൾ എടുത്ത് കുറഞ്ഞ സിബിൽ സ്കോറുള്ളവർക്ക് തുക അനുവദിച്ചതായാണ് ആരോപണം. ഇതോടെ നിരവധി പേരുടെ സാമ്പത്തിക രേഖകളും സിബിൽ സ്കോറും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
അതേസമയം, സോഫ്റ്റ്‌വെയറിലുണ്ടായ തകരാറും ഡാറ്റ എൻട്രിയിലെ പിഴവുമാണ് പ്രശ്നത്തിന് കാരണമെന്നാണ് ശ്രീറാം ഫിനാൻസ് അധികൃതരുടെ വിശദീകരണം. പ്രശ്നം പരിശോധിച്ച് ഉടൻ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പരാതിയെ തുടർന്ന് അടിമാലി ശാഖയിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി. തുടർന്ന് ജീവനക്കാരെ ശാഖയിൽനിന്ന് മാറ്റുകയും ചെയ്തു. പ്രശ്നങ്ങൾക്ക് വ്യക്തമായ പരിഹാരം കണ്ടെത്തിയതിന് ശേഷം മാത്രമേ സ്ഥാപനം വീണ്ടും പ്രവർത്തിക്കാവൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
സംഭവത്തിൽ കൂടുതൽ പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് ഉപഭോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പേരിൽ അനധികൃതമായി വായ്പകൾ എടുത്തിട്ടുണ്ടോ, സിബിൽ രേഖകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.