ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് കേരള പോലീസ്; പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകൾ

operation-thoofan-kerala-jails-overcrowded

ലഹരിക്കെതിരായ നടപടികൾ ശക്തമാക്കി കേരള പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ 11,146 പേരെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി തുടരുന്ന നടപടികളുടെ ഭാഗമായി ആകെ 10,301 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം മാത്രം 45 കേസുകളിലായി 61 പേരെ കൂടി അറസ്റ്റ് ചെയ്തു. പരിശോധനകളിൽ വൻതോതിൽ മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 23,571.253 ഗ്രാം എം.ഡി.എം.എയും 1,228.527 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

മലപ്പുറത്ത് ഏറ്റവും കൂടുതൽ കേസുകൾ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറം പോലീസ് ജില്ലയിലാണ്. ഇവിടെ 1,022 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അറസ്റ്റിന്റെ കാര്യത്തിലും മലപ്പുറം തന്നെയാണ് മുന്നിൽ. ആകെ 1,181 പേരെയാണ് ഇവിടെ അറസ്റ്റ് ചെയ്തത്.

1,007 കേസുകളുമായി കോഴിക്കോട് സിറ്റിയാണ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. കൊച്ചി, പാലക്കാട്, കോട്ടയം എന്നീ പോലീസ് ജില്ലകളും തൊട്ടുപിന്നിലുണ്ട്. ഈ ജില്ലകളിൽ 700-ലധികം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കണ്ണൂർ റൂറൽ പോലീസ് ജില്ലയിലാണ്. ഇവിടെ ഇതുവരെ 151 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

കഴിഞ്ഞ ദിവസത്തെ പരിശോധനയിലും ലഹരി പിടികൂടി

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ വിവിധ അളവിലുള്ള ലഹരി കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും. സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 22 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേഴ്സ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.

എൻഡിപിഎസ് ആക്ട് പ്രകാരം 18 കേസുകളും കോട്പ് നിയമപ്രകാരം 26 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനകളിൽ നിന്ന് 44.100 ഗ്രാം എം.ഡി.എം.എയും 4.689 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ബോധവത്ക്കരണ പ്രവർത്തനങ്ങളും ശക്തം

ലഹരിക്കെതിരായ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പോലീസ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം 33 ബോധവത്ക്കരണ ക്ലാസുകളാണ് പോലീസ് സംഘടിപ്പിച്ചത്.

ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ നടത്തിയ ബോധവത്ക്കരണ ക്ലാസുകളുടെ എണ്ണം 9,628 ആയി. കൂടാതെ 703 കൗൺസിലിങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.

സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിലും വിപുലമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നു. ഇതുവരെ 6,769 ബോധവത്ക്കരണ പരിപാടികളാണ് ഇത്തരം ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പോലീസിനെ അറിയിക്കാം

സംസ്ഥാനത്ത് ലഹരി വിൽപ്പനയോ വിതരണമോ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർക്ക് കേരള പോലീസിനെ നേരിട്ട് അറിയിക്കാം. 9497979794, 9497927797 എന്നീ നമ്പറുകളിലൂടെയും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും വിവരങ്ങൾ കൈമാറാം.

വിവരം നൽകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *