
കൽപ്പറ്റ: വിവാഹവാഗ്ദാനം നൽകി പുൽപ്പള്ളി സ്വദേശിനിയായ വിധവയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണവും പണവും കൈവശപ്പെടുത്തിയെന്ന പരാതിയിൽ കൽപ്പറ്റ പിഡബ്ല്യുഡി ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുണ്ടേരി ഗവൺമെന്റ് ഹൗസിംഗ് കോളനി സ്വദേശിയായ സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഏകദേശം അഞ്ച് വർഷം മുമ്പ് വയോധികയുടെ ബന്ധുവഴിയാണ് ഇയാൾ ഇവരെ പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. താൻ അഭിഭാഷകനാണെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്നും സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈവശപ്പെടുത്തിയെന്നുമാണ് പരാതി.
സഹായത്തിന് ആശ്രയിക്കാനാരുമില്ലാത്ത സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് നിയമപരമായ കാര്യങ്ങളിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് സ്വർണവും പണവും കൈവശപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. അപമാനഭയവും ഭീഷണിയും മൂലം ചിലർ നേരത്തെ പരാതി നൽകാൻ തയ്യാറായിരുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
സ്വന്തം അംഗവൈകല്യം ചൂണ്ടിക്കാട്ടി മറ്റുള്ളവരുടെ സഹാനുഭൂതി നേടിയ ശേഷമാണ് ഇയാൾ ബന്ധങ്ങൾ സ്ഥാപിച്ചിരുന്നതെന്നും പരാതിയിൽ ആരോപണമുണ്ട്. ഭാര്യ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നതും ചില സാഹചര്യങ്ങളിൽ ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
സുബ്രഹ്മണ്യനെതിരെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ നേരത്തെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. വാടകവീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കം, അടിപിടി തുടങ്ങിയ സംഭവങ്ങളിലും കേസുകളുണ്ട്. സർക്കാർ പണം തിരിമറി നടത്തിയെന്ന പരാതിയിൽ നേരത്തെ നടപടിക്ക് വിധേയനായ ഇയാൾ സസ്പെൻഷനിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.