
ഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിന് രാത്രികാല നിയന്ത്രണം കർശനമാക്കി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയുള്ള സമയത്ത് ട്രെയിനുകളിലെ മൊബൈൽ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യണമെന്ന് റെയിൽവേ ബോർഡ് സോണൽ റെയിൽവേകൾക്ക് നിർദേശം നൽകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാത്രികാലങ്ങളിൽ എല്ലാ കോച്ചുകളിലെയും ചാർജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിശ്ചിത സമയത്ത് വിച്ഛേദിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും മിന്നൽ പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്.
പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവം; സുരക്ഷ ശക്തമാക്കി
ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയും കോച്ചിൽ കറുത്ത പുക പടരുകയും ചെയ്ത സംഭവമാണ് വീണ്ടും സുരക്ഷാ നടപടികൾക്ക് പ്രാധാന്യം നൽകിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാർജിംഗുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുകയാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം.
ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടോ എന്ന് പരിശോധനകളിലൂടെ ഉറപ്പാക്കും. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2014 മുതൽ നിലവിലുള്ള നിയന്ത്രണം
ട്രെയിനുകളിൽ രാത്രികാല ചാർജിംഗ് നിയന്ത്രിക്കുന്നതിനുള്ള നിർദേശം റെയിൽവേ 2014 ജൂൺ 19-ന് തന്നെ കൊണ്ടുവന്നിരുന്നു. ബെംഗളൂരു–ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
2021 മാർച്ചിലും നിയന്ത്രണം കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ വീണ്ടും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വെസ്റ്റേൺ റെയിൽവേ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ചാർജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുന്ന നടപടി ആരംഭിച്ചു.
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാത്രികാലത്ത് ചാർജിംഗ് പോയിന്റുകൾ പ്രവർത്തിക്കാത്തതിനാൽ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് മൊബൈൽ ഫോണുകളും മറ്റ് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നത് നല്ലതാണ്. യാത്രയ്ക്കിടെ സുരക്ഷിതമായ ചാർജിംഗ് രീതികൾ പിന്തുടരുകയും പവർ ബാങ്കുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുകയും വേണം.