തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലോടെയും ശക്തമായ കാറ്റോടെയും കൂടിയ മഴ അനുഭവപ്പെടാനിടയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ ശക്തമാകാൻ പ്രധാന കാരണം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാനും നദികൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ സമീപങ്ങളിൽ അനാവശ്യമായി പോകാതിരിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനിൽക്കുന്നതിനാൽ ശനിയാഴ്ച വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.