ലഹരി മാഫിയക്കെതിരായ സംസ്ഥാന പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ ആരംഭിച്ച് ഇന്നേക്ക് ഒരു മാസം. ഈ കാലയളവില്‍ ഏകദേശം 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്താകെ നടത്തിയ വ്യാപക പരിശോധനകളില്‍ 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5,736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലഹരിയുടെ ഉറവിടങ്ങളും വിതരണ ശൃംഖലയും ഒരുപോലെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യം മുന്നോട്ട് പോകുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് വിദ്യാലയങ്ങളും കോളജ് ക്യാമ്പസുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി ശൃംഖലകളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുകയാണ് ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം.
ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഈ പ്രത്യേക ദൗത്യത്തിന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ജൂണ്‍ 2-ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ ശക്തമായ പരിശോധനകളിലും റെയ്ഡുകളിലും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ലഹരി വ്യാപനത്തിനെതിരെ കര്‍ശന നടപടി തുടരുമെന്നും, യുവതലമുറയെ ലഹരിയില്‍നിന്ന് സംരക്ഷിക്കാന്‍ ഇത്തരത്തിലുള്ള പ്രത്യേക ഓപ്പറേഷനുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.