അമ്പലവയലിൽ തെരുവുനായയുടെ ആക്രമണം; വിദ്യാർത്ഥികൾക്ക് കടിയേറ്റിട്ടും ചികിത്സ വൈകിപ്പിച്ചെന്ന ആരോപണവുമായി രക്ഷിതാക്കൾ

അമ്പലവയൽ: അമ്പലവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് മൂന്ന് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റ സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. കടിയേറ്റ ഉടൻ വിദ്യാർത്ഥികൾ അധ്യാപകരെ വിവരം അറിയിച്ചിട്ടും ആവശ്യമായ ചികിത്സാ നടപടികൾ സ്വീകരിക്കാതിരുന്നതായി രക്ഷിതാക്കൾ ആരോപിച്ചു.

ഇന്നലെ നടന്ന സംഭവത്തിൽ, മുറിവ് കഴുകിക്കളഞ്ഞാൽ മതിയെന്നും ആശുപത്രിയിൽ പോകേണ്ടതുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് സ്വയം പോകാമെന്നുമാണ് ചില അധ്യാപകർ പ്രതികരിച്ചതെന്നാണ് ആരോപണം. തുടർന്ന് വിദ്യാർത്ഥികൾ സ്വന്തം നിലയ്ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർമാർ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിനെയും രക്ഷിതാക്കളെയും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തറിയുന്നത്. കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റിട്ടും സ്കൂൾ അധികൃതർ സമയബന്ധിതമായി ഇടപെട്ടില്ലെന്ന ആരോപണം രക്ഷിതാക്കൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പി.ടി.എ ഭാരവാഹികൾ അടിയന്തര യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉണ്ടായ വീഴ്ച അതീവ ഗൗരവമുള്ളതാണെന്നും ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഇതിനായി വിദ്യാഭ്യാസ വകുപ്പിന് ഔദ്യോഗിക പരാതി നൽകാനും ബന്ധപ്പെട്ടവർക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെടാനും പി.ടി.എ തീരുമാനിച്ചതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദിത്തം നിർണയിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *