സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പ്. ജൻധൻ യോജന വഴി ₹5000 ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന് അവകാശപ്പെട്ട് വ്യാജ ലിങ്കുകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ കുടുക്കാൻ ശ്രമിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ സന്ദേശങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നത്. കേന്ദ്ര സർക്കാർ 2014-ൽ ആരംഭിച്ച പ്രധാനമന്ത്രി ജൻധൻ യോജനയുടെ പേരുപയോഗിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ സർക്കാർ ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയ ഒരു വ്യാജ വെബ്പേജ് തുറക്കും.
തുടർന്ന് വ്യക്തിഗത വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയും, പിന്നീട് ഒരു ‘Scratch & Win’ കൂപ്പൺ കാണിക്കുകയും ചെയ്യുന്നു. കൂപ്പണിൽ ക്ലിക്ക് ചെയ്താൽ പണം അക്കൗണ്ടിലേക്ക് ലഭിക്കുമെന്ന് കാണിക്കുന്ന വ്യാജ അറിയിപ്പ് പ്രദർശിപ്പിക്കും. ഇതിനുശേഷം ബാങ്ക് അക്കൗണ്ട് നമ്പർ, മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവ ആവശ്യപ്പെടും.
ഇത്തരത്തിൽ ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെച്ചാൽ സാമ്പത്തിക നഷ്ടത്തിനും ബാങ്ക് അക്കൗണ്ട് തട്ടിപ്പിനും ഇരയാകാൻ സാധ്യതയുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
അധികൃത സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ ബന്ധപ്പെട്ട വകുപ്പുകളിലൂടെയോ മാത്രം പരിശോധിക്കണം. സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകൾ പരിശോധിക്കാതെ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.