കള്ളാടി മണ്ണിടിച്ചിൽ: ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ

കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരന്തനിവാരണ നടപടികളും ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് (ബുധനാഴ്ച) വയനാട്ടിലെത്തും. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ യാത്രതിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തബാധിത പ്രദേശം സന്ദർശിക്കും.

ദുരന്തവുമായി ബന്ധപ്പെട്ട് പ്രതികരിച്ച മുഖ്യമന്ത്രി, മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നേരത്തെ നിർദേശം നൽകിയിരുന്നുവെങ്കിലും കരാറുകാർ അത് പാലിച്ചില്ലെന്ന് ആരോപിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും അടിയന്തരമായി മണ്ണ് നീക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കനത്ത മഴയല്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണ് കൂമ്പാരമായി നിക്ഷേപിച്ചതാണ് അപകടത്തിന് പ്രധാന കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് വികസന പദ്ധതിയായാലും സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്ത് അടിഞ്ഞുകൂടിയ ചെളിമണ്ണ് നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ 7 രാവിലെ 11.15ഓടെയാണ് തുരങ്കപാത നിർമാണ സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെയായി മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ഏഴ് മുതൽ പത്ത് അടി വരെ ഉയരത്തിൽ മണ്ണ് അടിഞ്ഞുകൂടിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അതിവേഗം ആരംഭിച്ചു.

എൻ.ഡി.ആർ.എഫ്., പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫൻസ് സേനകൾക്കൊപ്പം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളും വിവിധ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും രക്ഷാദൗത്യത്തിൽ പങ്കെടുത്തു. തൊഴിലാളികളെ എത്തിച്ചിരുന്ന ഒരു ബസ് മണ്ണിനടിയിൽപ്പെട്ടെങ്കിലും വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

മീനാക്ഷി പാലത്തിന്റെ താഴ്ഭാഗത്തുള്ള ഒരു വീടിനും സമീപത്തെ പള്ളിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്ന മണ്ണ് അനുയോജ്യമായ സ്ഥലത്ത് നിക്ഷേപിക്കുമെന്നും ബന്ധപ്പെട്ട മന്ത്രിമാർ അറിയിച്ചു. മീനാക്ഷി പാലത്തിലും സമീപ റോഡിലും അടിഞ്ഞ മണ്ണ് പൂർണമായി നീക്കം ചെയ്തശേഷം പാലത്തിന്റെയും റോഡിന്റെയും സുരക്ഷാ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *