കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ എട്ടായി

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായിരുന്ന അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.രണ്ടാം സോണും സമീപത്തെ പുഴയും കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. മീനാക്ഷിപ്പാലത്തിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയായിരുന്നു വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

മണ്ണിടിച്ചിലിനെ തുടർന്ന് അഞ്ച് പേരെയാണ് കാണാതായിരുന്നത്. തിരച്ചിൽ ആരംഭിച്ച മൂന്നാം ദിനം മുതൽ ഓരോരുത്തരുടെയും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞതോടെ ഇപ്പോൾ കാണാതായവരെല്ലാം കണ്ടെത്തിയിരിക്കുകയാണ്.അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഭൗമശാസ്ത്രജ്ഞൻ ഡോ. സി. പി. രാജേന്ദ്രൻ അധ്യക്ഷനായ സമിതിയിൽ ജിയോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, നിർമാണ പ്രവർത്തനങ്ങൾ കരാർ വ്യവസ്ഥകൾ പാലിച്ചാണോ നടന്നതെന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയ വിഷയങ്ങളാണ് സമിതിയുടെ പ്രധാന അന്വേഷണപരിധി. വരും ദിവസങ്ങളിൽ സമിതി ദുരന്തസ്ഥലം സന്ദർശിച്ച് തെളിവുകളും വിവരങ്ങളും ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സമയമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *