
പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കൂടാതെ 20 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘അപൂർവത്തിൽ അപൂർവം’ വിഭാഗത്തിൽപ്പെടുന്ന കേസാണിതെന്ന് കോടതി വിലയിരുത്തി. പ്രതിയിൽ നിന്ന് സുധാകരന്റെ മക്കൾക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്നും, പ്രതി ഇതിനുമുമ്പ് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുത്തശ്ശിയെയും കൊലപ്പെടുത്തിയതോടെ കുട്ടികൾക്ക് ആശ്രയമായിരുന്ന അവസാന ബന്ധവും നഷ്ടമായതായി കോടതി നിരീക്ഷിച്ചു.
പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയില്ലെന്ന റിപ്പോർട്ടും സാക്ഷിമൊഴികളും കോടതി പരിഗണിച്ചു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും, പിന്നീട് പോലും പ്രതി തന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ ശ്രമിച്ചതായും കോടതി കണ്ടെത്തി. ജയിലിൽ ജോലി ചെയ്ത് ഇരകളുടെ മക്കൾക്ക് സഹായം നൽകണമെന്ന പ്രതിയുടെ പ്രസ്താവന മാത്രമാണ് ആത്മാർത്ഥമായി തോന്നിയതെന്നും കോടതി പറഞ്ഞു.
മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്യാനാണ് വീട്ടിൽ വിഷം സൂക്ഷിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളി. ഇരകളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ സമൂഹത്തിൽ വർധിച്ചുവരുന്ന ഒറ്റപ്പെട്ട ജീവിതരീതികളും കുടുംബബന്ധങ്ങളിലെ മാറ്റങ്ങളും ക്രൂരകൃത്യങ്ങൾക്ക് കാരണമാകുന്ന സാഹചര്യങ്ങളും കോടതി പരാമർശിച്ചു. പ്രതിയുടെ മാനസാന്തര സാധ്യതയും സമൂഹത്തിന് ഉണ്ടാകുന്ന ഭീഷണിയും വിലയിരുത്തിയാണ് വധശിക്ഷ വിധിച്ചതെന്നും കോടതി വ്യക്തമാക്കി.