കളിപ്പാട്ടങ്ങളുടെ പ്രായത്തിൽ ഫാഷൻ റാംപിൽ വിസ്മയം; മൂന്നാം വയസ്സിൽ തന്നെ റെക്കോർഡ് നേട്ടങ്ങളുമായി വയനാട്ടുകാരൻ എറിക്

പുൽപ്പള്ളി: കളിപ്പാട്ടങ്ങളുമായി കളിച്ചുനടക്കേണ്ട പ്രായത്തിൽ രാജ്യത്തെ പ്രമുഖ ഫാഷൻ വേദികളിൽ ക്യാറ്റ് വാക്ക് ചെയ്ത് ശ്രദ്ധേയനാകുകയാണ് വയനാട് മുള്ളൻകൊല്ലി സ്വദേശിയായ എറിക് ഷിജോ ജോൺ. ഫാഷൻ ലോകത്ത് ‘ജീവാ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മൂന്നുവയസ്സുകാരൻ ഇതിനകം 85-ലധികം റൺവേകളിലും 35-ലധികം ഡിസൈനർ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. 29 തവണ ഷോ സ്റ്റോപ്പറായും തിളങ്ങിയ എറിക് പത്തോളം ദേശീയ-സംസ്ഥാന തലത്തിലുള്ള ടൈറ്റിലുകളും സ്വന്തമാക്കി.

ഷിജോ ജോണിന്റെയും കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ദൃശ്യയുടെയും രണ്ടാമത്തെ മകനാണ് എറിക്. ബെംഗളൂരുവിലാണ് കുടുംബം നിലവിൽ താമസിക്കുന്നത്. കുടുംബത്തിൽ നേരത്തെ ഫാഷൻ രംഗവുമായി നേരിട്ടുള്ള ബന്ധമൊന്നുമില്ലായിരുന്നു. ഹെയർ സ്റ്റൈലിസ്റ്റായ പിതാവ് ഷിജോയും അമ്മ ദൃശ്യയും, ഒന്നര വയസ്സുള്ളപ്പോൾ തന്നെ മാളുകളിലെ സ്റ്റേജുകളോടും ലൈറ്റുകളോടും എറിക് കാണിച്ച അസാധാരണ താൽപര്യം ശ്രദ്ധിച്ചതോടെയാണ് പുതിയൊരു വഴിയിലേക്ക് ചുവടുവെച്ചത്.

രണ്ടാം വയസ്സിൽ കോഴിക്കോട് എംരിട്സ് ഫാഷൻ കമ്പനിയിലെ അൻഷദ് അസീസാണ് എറിക്കിനെ ആദ്യമായി ഫാഷൻ വേദിയിലെത്തിച്ചത്. മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച എറിക്, പ്രായം കുറഞ്ഞ മത്സരാർത്ഥികളിലൊരാളായിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ചു. ഇതോടെ കേരളത്തിന് പുറമെ ബെംഗളൂരു, ഗോവ, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ ഫാഷൻ ഷോകളിലും എറിക്കിന് അവസരങ്ങൾ ലഭിച്ചു.

മൂന്ന് വയസ്സ് തികയുന്നതിന് മുമ്പ് മുംബൈയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലിനുള്ള ‘യങ്ങസ്റ്റ് മോഡൽ അവാർഡ്’ സ്വന്തമാക്കിയതും എറിക്കിന്റെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്. ‘കിഡ് ഓഫ് ട്രാവൻകൂർ’, ‘മിസ്റ്റർ ജൂനിയർ ഇന്ത്യ’, ‘ലിറ്റിൽ പ്രിൻസ് കർണാടക’, ‘ഫാഷൻ കിഡ് മൈസൂർ’, ‘ബെസ്റ്റ് കിഡ് മോഡൽ 2026’, ‘ഐക്കൺ ഓഫ് ഇന്ത്യ പ്രോഡിജിയസ് കിഡ് അവാർഡ്’ തുടങ്ങി നിരവധി പുരസ്കാരങ്ങളും ടൈറ്റിലുകളും ഇതിനോടകം എറിക്കിന്റെ പേരിലുണ്ട്.

മോഡലിങ്ങിൽ മാത്രമല്ല, വിവിധ കഴിവുകളിലും എറിക് മികവ് തെളിയിച്ചിട്ടുണ്ട്. ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’, ‘ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സ്’ എന്നിവയിലെ മൾട്ടി ടാലന്റഡ് വിഭാഗത്തിലും എറിക് ഇടം നേടി.

മകന്റെ കഴിവുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി കുടുംബം ‘ഏറീക് കൾട്ടീവ് സ്റ്റുഡിയോ’ എന്ന പേരിൽ സ്വന്തം ബ്രാൻഡിനും തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2026 ഒക്ടോബർ 3, 4 തീയതികളിൽ തിരുവനന്തപുരം സെന്റ് സേവ്യർ കോളജിൽ ‘ഏറീക്’ ബ്രാൻഡിന്റെ ഫാഷൻ ഷോയും സംഘടിപ്പിക്കും.

തൻവിൻ താജാണ് എറിക്കിന്റെ പരിശീലകൻ. ഷമീർ ബിൻ കാരേം വസ്ത്രാലങ്കാരം നിർവഹിക്കുന്നു. എൻട്രീക് ഷിജോയാണ് എറിക്കിന്റെ ജ്യേഷ്ഠൻ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

നാലാം വയസ്സിലേക്ക് കടക്കുമ്പോഴേക്കും അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ എറിക്കിനെ പങ്കെടുപ്പിക്കാനും രാജ്യാന്തര ഫാഷൻ വേദികളിൽ ഇന്ത്യയുടെ പതാക ഉയർത്താനുമാണ് കുടുംബത്തിന്റെ ലക്ഷ്യം. പ്രായത്തെ മറികടക്കുന്ന ആത്മവിശ്വാസവും കഴിവുമായി ഫാഷൻ ലോകത്ത് മുന്നേറുന്ന ഈ കൊച്ചുമിടുക്കന്റെ യാത്ര ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *