തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്ക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം തുടരുന്നു. വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചതനുസരിച്ച് മെയ് 15-നാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയായ സാഹചര്യത്തില്‍ പരീക്ഷാബോര്‍ഡ് ബുധനാഴ്ച യോഗം ചേരും. ഈ യോഗത്തില്‍ ഫലത്തിന് അന്തിമ അംഗീകാരം നല്‍കുമെങ്കിലും പ്രഖ്യാപനം നിശ്ചയിച്ച തീയതിയില്‍ തന്നെയുണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
പരീക്ഷാബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി ആവശ്യമാണ്. അതനുസരിച്ചാണ് ബോര്‍ഡ് യോഗം ക്രമീകരിച്ചിരിക്കുന്നത്. പതിവ് നടപടികള്‍ പൂര്‍ത്തിയാക്കി മെയ് 15-ന് ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പരീക്ഷാഭവന് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എന്നാല്‍ നിലവില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ ഫലം ഔദ്യോഗികമായി ആര് പ്രഖ്യാപിക്കും എന്നതാണ് പ്രധാന ചോദ്യമായി നിലനില്‍ക്കുന്നത്. 2021-ല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്. ഇത്തവണയും അതേ മാതൃക പിന്തുടരുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. വാസുകി ലോക്ഭവനിലേക്കു സ്ഥലം മാറിയതിനെ തുടര്‍ന്ന് ഷര്‍മിള മേരി ജോസഫാണ് നിലവില്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷും നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായ ശേഷം സെക്രട്ടറിയും ഡയറക്ടറും ചേര്‍ന്ന് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.
ഇതിനിടെ, Central Board of Secondary Education (CBSE) ഉള്‍പ്പെടെയുള്ള കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡുകള്‍ ഇതിനകം തന്നെ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും എസ്.എസ്.എല്‍.സി ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.