കൽപ്പറ്റ: സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയായ ലീബയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിനിയായ ലീബയെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിന് പിന്നാലെ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ പൊലീസിനോട് തട്ടിക്കയറാൻ ശ്രമിച്ചതായും തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും അധികൃതർ അറിയിച്ചു.
കേസിൽ ഉൾപ്പെട്ട ആറ് പ്രതികളിൽ അഞ്ചുപേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അജേഷ്, ജ്യോതിഷ്, വൈശാഖ്, മെൽബിൻ മാത്യു, നൗഷാദ്, ലീബ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട കുറ്റപത്രവും പൊലീസ് നേരത്തേ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
2024 മാർച്ചിലാണ് കോഴിക്കോട്ടെ മായനാട് പ്രദേശത്തെ വാടകവീട്ടിൽ നിന്ന് ഹേമചന്ദ്രനെ കാണാതായത്. തുടർന്ന് കുടുംബം നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചേരമ്പാടി വനമേഖലയിൽ കുഴിച്ചുമൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹാവശിഷ്ടങ്ങൾ ഹേമചന്ദ്രന്റേതാണെന്ന് സ്ഥിരീകരിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മർദനമേറ്റ് മരണപ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ആദ്യഘട്ടത്തിൽ ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം ഭയന്ന് വനത്തിൽ കുഴിച്ചുമൂടുകയായിരുന്നുവെന്നുമാണ് മുഖ്യപ്രതി നൗഷാദ് മൊഴി നൽകിയിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ നൗഷാദിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.