കൽപ്പറ്റ: പതിനാറാം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യുഡിഎഫ് നേടിയ വിജയം അത്യന്തം ശ്രദ്ധേയവും ചരിത്രപരവുമാണെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം പ്രസ്താവിച്ചു. ജില്ലാ ചെയർമാൻ ടി മുഹമ്മദ്, കൺവീനർ എച്ച് ബി പ്രദീപ് മാസ്റ്റർ, ഡിസിസി പ്രസിഡണ്ട് അഡ്വ. ടി.ജെ. ഐസക്, മുസ്ലിം ലീഗ് പ്രസിഡന്റ് ഇൻചാർജ് എൻ.കെ. റഷീദ് എന്നിവർ ചേർന്നാണ് പ്രതികരണം അറിയിച്ചത്.
കൽപ്പറ്റ മണ്ഡലത്തിൽ ഇതുവരെ കാണാത്ത റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ടി. സിദ്ദീഖ് വിജയിച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വലിയ മുന്നേറ്റം യുഡിഎഫിന് നേടാനായത്. സുൽത്താൻബത്തേരി മണ്ഡലത്തിൽ തുടർച്ചയായ നാലാം തവണയും ഐക്യ ജനാധിപത്യ മുന്നണി വിശ്വാസം നിലനിർത്തിയപ്പോൾ, മാനന്തവാടിയിൽ 10 വർഷമായി തുടരുന്ന ഇടത് മേൽക്കോയ്മ തകർത്താണ് യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ഇടത് സർക്കാരിന്റെ വികസന വിരുദ്ധ നിലപാടുകൾക്കെതിരായ ജനവിധിയെന്നതോടൊപ്പം, യുഡിഎഫിനോടുള്ള വയനാടൻ ജനതയുടെ വിശ്വാസവും ഈ വിജയത്തിൽ പ്രകടമാണെന്ന് നേതാക്കൾ വ്യക്തമാക്കി. ആരോഗ്യ, ഗതാഗത, അടിസ്ഥാന സൗകര്യ മേഖലകളിൽ ജില്ല കാത്തിരുന്ന വികസനങ്ങൾ നടപ്പിലാക്കുന്നതിൽ ഇടത് സർക്കാർ പരാജയപ്പെട്ടുവെന്നും, നിലവിലുള്ള പദ്ധതികൾ പോലും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് തടസപ്പെടുത്തിയെന്നും ആരോപിച്ചു.
മാനന്തവാടിയിൽ ഉഷ വിജയന്റെ വിജയം, മുൻ മന്ത്രി ഒ.ആർ. കേളുവിന്റെ പരാജയം എന്നിവ ജില്ലയിലെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളാണെന്നും അവർ കൂട്ടിച്ചേർത്തു. ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എല്ലാ വിമർശനങ്ങളെയും മറികടന്ന് വീണ്ടും വിജയിച്ചതും ശ്രദ്ധേയമാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ എന്നിവരുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ യുഡിഎഫ് പ്രവർത്തകർക്കും ജനാധിപത്യ വിശ്വാസികൾക്കും യുഡിഎഫ് ജില്ലാ നേതൃത്വം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി. വയനാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ യുഡിഎഫ് ശക്തമായ ഇടപെടൽ നടത്തുമെന്ന് അവർ ഉറപ്പുനൽകി.