പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സംഘർഷം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

Rahul Gandhi and Priyanka Gandhi detained during Congress protest near the Prime Minister's residence in New Delhi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ ഉൾപ്പെടെ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം പിരിച്ചുവിടുന്നതിനിടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരക്കാരുമായി ചർച്ച നടത്താൻ സ്ഥലത്തെത്തി. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ചർച്ചയിൽ പങ്കെടുത്തു. നീറ്റ് (NEET) വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നേതൃത്വം ഉറച്ചുനിന്നതോടെ ചർച്ചകൾ ഫലപ്രദമായില്ല.

പ്രതിഷേധം മണിക്കൂറുകളോളം തുടർന്നതോടെ പൊലീസ് സമരവേദി ഒഴിപ്പിക്കാൻ നീങ്ങി. ഈ സമയത്ത് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് നടപടിക്കിടെ പൊലീസ് ബലം പ്രയോഗിച്ചെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് മുഖത്ത് പരിക്കേറ്റതായും നിരവധി എംപിമാർക്ക് പരിക്കേറ്റതായും പാർട്ടി നേതാക്കൾ ആരോപിച്ചു.

അഖിലേഷ് യാദവ്, കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ എംപിമാരുൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

സമരസ്ഥലത്തേക്ക് കൂടുതൽ പ്രവർത്തകരും പിന്തുണയുമായി എത്തിത്തുടങ്ങിയ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയ പൊലീസ് പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും എന്നാൽ ആവശ്യങ്ങൾ മാറ്റിമറിക്കുന്നത് ഉചിതമായ രാഷ്ട്രീയ സമീപനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *