നാളെ മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ ബസുകൾ തിരിച്ചറിയാൻ പ്രത്യേക സ്റ്റിക്കറുകൾ

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര നാളെ മുതൽ; മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യുംതിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച് ബസിന് ഫ്‌ളാഗ് ഓഫ് നൽകും. തുടർന്ന് തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹം ബസിൽ യാത്ര ചെയ്യുകയും ചെയ്യും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*

ഉദ്ഘാടന ദിനത്തിൽ സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ മുഴുവൻ വനിതകളായിരിക്കും എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.പദ്ധതിയുടെ ഭാഗമായി ആനുകൂല്യം ലഭിക്കുന്ന വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും ‘സീറോ ഫെയർ’ ടിക്കറ്റുകളാണ് നൽകുക. സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഓർഡിനറി ബസുകൾ തിരിച്ചറിയുന്നതിനായി പ്രത്യേക ‘പ്രിയദർശിനി’ സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ പദ്ധതിക്കായി പുതിയ ലോഗോയും കെഎസ്ആർടിസി തയ്യാറാക്കുന്നുണ്ട്.അതേസമയം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. സർക്കാർ നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചതിൽ നിന്ന് വ്യത്യസ്തമായ പദ്ധതിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.സിപിഐഎമ്മിന്റെ ബഹിഷ്‌കരണ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി സി.പി. ജോൺ രംഗത്തെത്തി. ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ചരിത്രപരമായ തെറ്റായ തീരുമാനമാണെന്നും ചടങ്ങിൽ പങ്കെടുക്കാൻ എൽഡിഎഫിനോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.സൗജന്യ യാത്രാ പദ്ധതി കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യതയാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. പദ്ധതിക്കായി ആവശ്യമായ തുക ബാങ്ക് മുഖേന ഓവർഡ്രാഫ്റ്റ് സംവിധാനത്തിലൂടെ നൽകുമെന്നും സർക്കാർ ഗ്യാരണ്ടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. പുതിയ പദ്ധതി പൊതുഗതാഗത ഉപയോഗം വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനും സഹായകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *