തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും എൽഡിഎഫിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ഇതുവരെ ചേർന്നിട്ടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച സിപിഐ–സിപിഐഎം തർക്കമാണ് യോഗം വിളിക്കുന്നത് വൈകാൻ പ്രധാന കാരണമായത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. അതേസമയം, ആ പദവി വിട്ടുനൽകില്ലെന്ന നിലപാടിലാണ് സിപിഐഎം. ഇരുപാർട്ടികളും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ മുന്നണിക്കുള്ളിൽ അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, എൽഡിഎഫ് നിയമസഭാ കക്ഷിയുടെ ഉപനേതാവിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുൻകാലങ്ങളിലും ഈ പദവി നിലനിന്നിരുന്നുവെന്നും വിഷയത്തിൽ സിപിഐഎമ്മുമായി തുടർച്ചയായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
എപ്പോൾ തീരുമാനമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും വിഷയത്തിന് പരിഹാരം കണ്ടെത്താൻ ഇരു പാർട്ടികൾക്കും രാഷ്ട്രീയ വ്യക്തതയുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.